കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി; ചക്രവാതച്ചുഴി ശനിയാഴ്ച ന്യൂനമര്‍ദ്ദമാകും, ജാഗ്രത

കേരളത്തില്‍ ചുഴലിക്കാറ്റ് ഭീഷണി. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട് ശനിയാഴ്ച ന്യൂനമര്‍ദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയ്ക്ക് ശേഷം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. അതിനാല്‍ വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം:

06-05-2023: കൊമോറിന്‍ പ്രദേശം, ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട് തീരം, തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടല്‍, തെക്ക് ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

07-05-2023: തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, തെക്ക് ആന്‍ഡമാന്‍ കടല്‍, തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

08-05-2023: കൊമോറിന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. മേല്‍പ്പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.