ദ കേരള സ്റ്റോറി: സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തി

മുസ്‌ളീം സംഘടനകളുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ ചില തീയറ്ററുകളില്‍ വിവാദ സിനിമയായ ദ കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം നിര്‍ത്തി. ചെന്നൈ നഗരത്തിലെ വിവിധ മാളുകളിലെയും തീയറ്ററുകളിലെയും പ്രദര്‍ശനമാണ് നിര്‍ത്തി വച്ചത്. അതേ സമയം ചിലയിടങ്ങളില്‍ ശക്തമായ സുരക്ഷാ സന്നാഹത്തോട് ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിലായി 75ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകത്തിന്റെ നേതൃത്വത്തില്‍ വടപളനിയിലും ടീനഗറിലുമാണ് പ്രതിഷേധമുണ്ടായത്. കോയമ്പത്തൂര്‍ നഗരത്തില്‍ മാത്രം ആയിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ചെന്നൈയിലെ പ്രമുഖ മാളുകളായ എക്പ്രസ്അവന്യു, ചെന്നൈ സിറ്റി സെന്റര്‍, വിജയ് മാള്‍, ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റി എന്നിവയിലെ തീയറ്ററുകളില്‍ വലിയ സുരക്ഷാ സന്നാഹത്തോടെയാണ് പ്രദര്‍ശനം നടത്തിയത്.