രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

രാജ്ഭവനില്‍ ഭാരതാംബ ചിത്രത്തില്‍ വീണ്ടും പുഷ്പാര്‍ച്ചന നടത്തിയതില്‍ പ്രതിഷേധിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി ശിവന്‍കുട്ടിയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി രാജ്ഭവന്‍. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് പുരസ്‌ക്കാര ചടങ്ങിലാണ് ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനെ തുടര്‍ന്ന് വിവാദമായത്.

എന്നാല്‍ മന്ത്രിയുടേത് തെറ്റായ കീഴ്‌വഴക്കമാണെന്നും ഗവര്‍ണറെ മന്ത്രി അപമാനിച്ചെന്നും ആരോപിച്ച് വാര്‍ത്തക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ദേശീയ ഗാനത്തിനിടെയാണ് മന്ത്രി ഇറങ്ങിപ്പോയതെന്നും വാര്‍ത്തക്കുറിപ്പില്‍ ആരോപിക്കുന്നു. മന്ത്രി പരിപാടിക്ക് വൈകിയാണ് എത്തിയത്. നേരത്തെ പോകുകയും ചെയ്തതായി രാജ്ഭവന്‍ പറയുന്നു.

പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ലെന്നും രാജ്ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു. എന്നാല്‍ ഭാരതാംബയുടെ ചിത്രം വയ്ക്കില്ലെന്ന് രാജ്ഭവന്‍ അറിയിച്ചതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. താന്‍ എത്തുമ്പോഴേക്ക് ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ചടങ്ങ് തുടങ്ങിയിരുന്നുവെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യ തന്റെ രാജ്യമാണെന്ന് പറഞ്ഞുകൊണ്ട് മൈക്കിലൂടെ തന്നെയാണ് മന്ത്രി വിയോജിപ്പ് അറിയിച്ചത്.

Read more

കാര്യപരിപാടിയില്‍ പുഷ്പാര്‍ച്ചന ഇല്ലായിരുന്നു. താന്‍ ചെല്ലുമ്പോള്‍ കാണുന്നത് പുഷ്പാര്‍ച്ചന നടത്തുന്നതാണ്. ഗവര്‍ണര്‍ വളരെ അഹങ്കാരത്തോടെ നിലപാടെടുത്തു. രാജ്ഭവനെ തനി രാഷ്ട്രീയ കേന്ദ്രമാക്കിയെന്നും മന്ത്രി പറഞ്ഞു.