എസ് ശ്രീജിത്തിന്റെ ചട്ടലംഘനത്തെ കുറിച്ച് വാര്‍ത്ത നല്‍കി, സൗത്ത് ലൈവിന് എതിരെ സൈബര്‍ പൊലീസിന്റെ ഭീഷണി; എഡിജിപിക്ക് എതിരെ മുഖ്യമന്ത്രിക്ക് സൗത്ത് ലൈവ് പരാതി നല്‍കി

കള്ളകേസെടുത്തും അധികാര ദുര്‍വിനയോഗം നടത്തിയും മാധ്യമ സ്വാതന്ത്ര്യത്തിനു നേരെ പ്രവര്‍ത്തിക്കുന്ന സൈബര്‍ ഓപ്പറേഷന്‍ മേധാവിയും പൊലീസ് ആസ്ഥാനത്തെ എഡിജിപിയും സൈബര്‍ മേധാവിയുമായ എസ് ശ്രീജിത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ( ഇന്ത്യ) പ്രസിഡന്റുമായ സാജ് കുര്യനാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിരിക്കുന്നത്.

‘സൗത്ത് ലൈവില്‍’ 2026 ഫെബ്രുവരി 9നും ഫെബ്രുവരി 10 നും എ.ഡി.ജി.പി ശ്രീജിത്തിന്റെ അബുദാബി യാത്രയെ സംബന്ധിച്ചും അവിടെ അദ്ദേഹം ഒരു സ്വകാര്യ ആയുര്‍വേദ സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഗസ്റ്റായി പങ്കെടുത്തതും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്‍ നല്‍കിയ പരാതി സൗത്ത് ലൈവ് വാര്‍ത്തയാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ നിന്നും വാര്‍ത്ത ഡിലീറ്റ് ചെയ്യിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നത്. സ്വകാര്യ സ്ഥാപന ഉടമ പരാതി നല്‍കിയിട്ടുണ്ടെന്നും സൗത്ത് ലൈവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പൂട്ടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നുമായിരുന്നു സൈബര്‍ വിഭാഗത്തില്‍ നിന്നും വിളിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. ഈ പശ്ചാതലത്തിലാണ് നടപടി ആവശ്യപ്പെട്ട് സൗത്ത് ലൈവ് അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇതു പോലെ തന്നെ, സമാനമായ ഒരു ഇടപെടല്‍ എഡിജിപി ശ്രീജിത്ത് സൈബര്‍ ഓപ്പറേഷന്‍ മേധാവിയായ ഉടന്‍ തന്നെ വണ്‍ ഇന്ത്യ മലയാളം എന്ന മാധ്യമ സ്ഥാപനത്തോടും ഡയ്‌ലി ഹണ്ട് എന്ന ന്യൂസ് ഫീഡ് ആപ്പിനോടും കാണിച്ചിട്ടുണ്ട്.

2025 ജൂണ്‍ 2 ന് എഡിജിപി ശ്രീജിത്തിന് എതിരെ യു.പി.എസ്.സിക്ക് ലഭിച്ച ഒരു പരാതി പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കൈമാറിയതായ വാര്‍ത്ത ( വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം) പബ്ലിഷ് ചെയ്ത വണ്‍ ഇന്ത്യ മലയാളത്തിനും ഡയ്‌ലി ഹണ്ടിനും ശ്രീജിത്ത് തലവനായ സൈബര്‍ ഓപ്പറേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും 2025 ജൂണ്‍ ഒന്നിന് രാത്രി 8. 29 ന് cyberops-fsm.pol@keralagov.in എന്ന മെയില്‍ ഐഡിയില്‍ നിന്നും മെയില്‍ അയപ്പിച്ച് ഈ വാര്‍ത്ത ഡിലിറ്റ് ചെയ്യിപ്പിക്കുകയുണ്ടായി. ഇക്കാര്യവും പരാതിയില്‍ സൗത്ത് ലൈവ് അധികൃതര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫിബ്രുവരി 1നാണ് നവ ആയുര്‍വേദിക് മെഡിക്കല്‍ സെന്റര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചീഫ് ഗസ്റ്റായി പങ്കെടുക്കാന്‍ എഡിജിപി ശ്രീജിത്ത് പോയിരുന്നത്. ഈ യാത്രയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നത്. ഇക്കാര്യത്തില്‍ എഡിജിപി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതി തുടര്‍ നടപടിക്കായി വിജിലന്‍സ് ഡയറക്ടറേറ്റ് തന്നെ ചീഫ് സെക്രട്ടറിക്ക് കൈമാറിയിട്ടുള്ളതുമാണ്. ഇതും സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പരാതിയില്‍ പറയുന്നത് ഇത് ഒരു സ്വകാര്യ സ്പാ ആണെന്നും, ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ എഡിജിപി ശ്രീജിത്ത് ഈ പരിപാടിയില്‍ ചീഫ് ഗസ്റ്റായി പങ്കെടുത്തത് ചട്ടവിരുദ്ധമാണ് എന്നുമാണ്. എഡിജിപി ശ്രീജിത്ത് അബുദാബിയില്‍ എത്തിയതിന്റെ ചിത്രങ്ങളും, ശ്രീജിത്ത് പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ച് നവ ആയുര്‍വേദ മെഡിക്കല്‍ സെന്റര്‍ അവരുടെ സോഷ്യല്‍ അക്കൗണ്ട് വഴി നടത്തിയ പരസ്യങ്ങളുടെ ചിത്രങ്ങളും ആ പരാതിക്ക് ഒപ്പം തന്നെ നല്‍കിയിരുന്നതാണ്. മാത്രമല്ല, എഡിജിപി ശ്രീജിത്തിന്റെ കൂടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത സിനിമാ താരം ഇനിയ, നവ ആയുര്‍വേദ മെഡിക്കല്‍ സെന്റ്‌റിന്റെ ഇന്‍സ്റ്റ പേജില്‍ തലേദിവസം പബ്ലിഷ് ചെയ്ത വീഡിയോയില്‍ തന്റെ ഒപ്പം ചീഫ് ഗസ്റ്റായി ഗവണ്‍മെന്റ് ഒഫിഷ്യല്‍സും പങ്കെടുക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ജനങ്ങള പരിപാടിയിലേക്ക് സ്വാഗതം ചെയ്തിരുന്നത്.

ഇതില്‍ നിന്നെല്ലാം ഐ.പി.എസ് ഓഫീസറായ ശ്രീജിത്ത് ചട്ടലംഘനവും അധികാര ദുര്‍വിനയോഗവും നടത്തി എന്ന് ബോധ്യമായതിനാലാണ് പ്രസ്തുത പരാതി ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് സൗത്ത് ലൈവിന്റെ ന്യൂസ് ഡസ്‌ക്ക് വാര്‍ത്തയാക്കിയിരുന്നത് എന്ന് മാനേജിങ് എഡിറ്റര്‍ സാജ് കുരുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read more

തന്നെ വിളിച്ച് വാര്‍ത്ത ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ പറയുന്നത്, നവ ആയുര്‍വേദ സെന്റര്‍ ഒരു സ്പാ അല്ലന്നാണ്. എന്നാല്‍, ഇതേ സ്ഥാപനത്തിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ തന്നെ സ്പാ ആണ് എന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള തെളിവുകളുണ്ട്. നവ ആയുര്‍വേദ മെഡിക്കല്‍ സെന്ററില്‍ യുവതി ഫേഷ്യല്‍ ചെയ്യുന്നതും ഇതു സംബന്ധമായി ആ യുവതി അനുഭവം പറയുന്നതുമായ വീഡിയോ ഇതേ സ്ഥാപനത്തിലെ സോഷ്യല്‍ മീഡിയ പേജില്‍ തന്നെ വന്നിട്ടുള്ളതാണ്. ഫേഷ്യല്‍ ചെയ്യുന്ന സ്ഥാപനത്തെ സ്പാ എന്നാല്ലാതെ മറ്റെന്താണ് പറയുക എന്നത് മനസ്സിലാകുന്നില്ലന്നും പരാതിയില്‍ സൗത്ത് ലൈവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സൈബര്‍ പൊലീസ് മേധാവി കൂടിയായ എ.ഡി.ജി.പി ശ്രീജിത്ത് ഇടപെട്ടാണ് സൈബര്‍ ഓപ്പറേഷന്‍ വിഭാഗത്തില്‍ നിന്നും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നും, ഇത് മാധ്യമ സ്വാതന്ത്രത്തിന് എതിരാണെന്നും ഇതിനെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നുമാണ് സൗത്ത് ലൈവ് എംഡി നല്‍കിയിരിക്കുന്ന പരാതിയിലെ ആവശ്യം.