വിദേശ യാത്ര, സ്വകാര്യ സ്പാ ഉദ്ഘാടനം: എഡിജിപി ശ്രീജിത്തിൻ്റേത് കടുത്ത പെരുമാറ്റചട്ട ലംഘനം, ചീഫ് സെക്രട്ടറിക്ക് ഫയൽ കൈമാറി വിജിലൻസ്

പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിന് കുരുക്ക് മുറുകുന്നു. എഡിജിപി എസ് ശ്രീജിത്ത് നടത്തിയ വിദേശ യാത്ര സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കണമെന്ന പരാതി വിജിലൻസ് ഡയറക്ടർ ചീഫ് ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര സർവ്വീസിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് നടപടി സ്വീകരിക്കേണ്ടത് ചീഫ് സെക്രട്ടറി ആയതിനാലാണ് ഫയൽ സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസിന് കൈമാറിയിരിക്കുന്നത്.

2026 ഫിബ്രുവരി 1ന് വൈകീട്ട് നടന്ന അബുദാബിയിലെ ഒരു സ്വകാര്യ ആയുർവേദിക് മെഡിക്കൽ സെൻ്ററിൻ്റെ ഉദ്ഘാടന ചടങ്ങിലും ഇതു സംബന്ധമായ മറ്റ് ചടങ്ങുകളിലും പങ്കെടുക്കാനായി എഡിജിപി ശ്രീജിത്ത് നടത്തിയ വിദേശ യാത്രയെ കുറിച്ച് പുറത്ത് വന്ന ചിത്രങ്ങൾ സഹിതമാണ് അഭിഭാഷകൻ വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകിയിരുന്നത്.

ഇതൊരു ആയുർവേദ സ്പാ ആണ് എന്നും, ഈ സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി nawa.ayurveda instagram ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ വഴി നൽകിയ പ്രചരണ പോസ്റ്ററുകളിലും വീഡിയോകളിലും ഐ.പി.എസ് ഓഫീസറുടെ ഔദ്യോഗിക യൂണിഫോമിലുള്ള എഡിജിപി ശ്രീജിത്തിൻ്റെ ഫോട്ടോ ഉൾപ്പെടെ നൽകിയിട്ടുണ്ട് എന്നതും, അതിൻ്റെ ചിത്രങ്ങൾ ഉൾപ്പെടെ ഹാജരാക്കി അഡ്വ ഷാജഹാൻ ആരോപിച്ചിട്ടുണ്ട്.

ഇങ്ങനെ പബ്ലിസിറ്റി നൽകി, ഐ.പി.എസ് ഓഫീസറായ ശ്രീജിത്ത് ചീഫ് ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കുന്നു എന്ന് പ്രചരിപ്പിച്ചാണ് ആളുകളെ ഈ പരിപാടിയിലേക്ക് ആകർഷിച്ചിരിക്കുന്നത് എന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുവഴി യഥാർത്ഥത്തിൽ സ്വകാര്യ സ്പാ സ്ഥാപനത്തിൻ്റെ പരസ്യ പ്രചരാകനായാണ് എഡിജിപി ശ്രീജിത്ത് മാറിയിരിക്കുന്നത്. അബുദാബിയിൽ എത്തിയ ശ്രീജിത്തിനെ വിമാനതാവളത്തിൽ വച്ചും മറ്റും സ്വീകരിക്കുന്ന ഫോട്ടോകളും, വീഡിയോകളും ഇൻസ്റ്റയിലൂടെ ഇതിനകം തന്നെ പുറത്ത് വന്നതിൻ്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം നൽകിയിരുന്നു.

ഈ ചടങ്ങിൽ ശ്രീജിത്തിന് ഒപ്പം പങ്കെടുത്ത സിനിമാ താരം ഇനിയ ജനുവരി 31 ന് nawa.ayurveda instagram-ൽ ഇട്ട ഒരു പോസ്റ്റിൽ താൻ അബുദാബിയിൽ എത്തിയെന്നും തൻ്റെ ഒപ്പം ഈ ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കാൻ ഗവൺമെൻ്റ് ഒഫിഷ്യൽസും എത്തിയിട്ടുണ്ട് എന്നുമാണ് പറഞ്ഞിരിക്കുന്നത്.

ചീഫ് ഗസ്റ്റ് എഡിജിപി ശ്രീജിത്ത് ആണെന്നത് നടിക്കൊപ്പം ശ്രീജിത്ത് ഐ.പി.എസ് ഔദ്യോഗിക യൂണിഫോമിൽ നിൽക്കുന്ന ഫോട്ടോയിൽ നിന്നും വീഡിയോയിൽ നിന്നും വ്യക്തമാണ്. നടി ഇനിയയും ഇങ്ങനെ പറഞ്ഞു കൊണ്ടാണ് അബുദാബിയിലെ ഈ പരിപാടിയിലേക്ക് ആളുകളെ ക്ഷണിച്ചിരിക്കുന്നത്. ഇതെല്ലാം തന്നെ അതീവ ഗൗരവമുള്ള കാര്യങ്ങളാണ് എന്നും പരാതിയിൽ എടുത്ത് പറയുന്നുണ്ട്. ഈ വീഡിയോ നടി ഇനിയ പിന്നീട് ഡിലിറ്റ് ചെയ്തെങ്കിലും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ഡൗൺലോഡ് ചെയ്ത ഭാഗം അന്വേഷണത്തിൻ്റെ ഭാഗമായി ആവശ്യപെട്ടാൽ കൈമാറാൻ തയ്യാറാണ് എന്നാണ് പരാതിക്കാരൻ പറയുന്നത്.

ഒരു ഉത്തരവാദിത്വപ്പെട്ട ഐ.പി.എസ് ഓഫീസർ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് സ്വകാര്യ സ്ഥാപനത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കുക വഴി എഡിജിപി ശ്രീജിത് ചെയ്തിരിക്കുന്നത്. ഇത് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരുടെ ചട്ടങ്ങൾക്ക് എതിരായതിനാൽ നടപടി അനിവാര്യമാണ്. മാത്രമല്ല, nawa ayurvedic medical centr -ൻ്റെ പരസ്യ പോസ്റ്റുകളിലും വീഡിയോയിലും എഡിജിപി ശ്രീജിത്ത് പ്രത്യക്ഷപ്പെട്ടതും, തിരക്കിട്ട് അബുദാബിയിൽ എത്തിയതും എല്ലാം കേവലം സാമ്പത്തിക താൽപര്യം മുൻ നിർത്തി മാത്രമാണോ അതിനും അപ്പുറം വല്ല രഹസ്യവും ഉണ്ടോ എന്ന സംശയവും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.

വിദേശ രാജ്യത്ത് ഇത്തരം സ്വകാര്യ സ്ഥാപനങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ചീഫ് ഗസ്റ്റായി പങ്കെടുക്കാനും, പരസ്യത്തിൽ പ്രതൃക്ഷപ്പെടാനും ആരാണ് എഡിജിപി ശ്രീജിത്തിന് അനുമതി കൊടുത്തത് എന്നതാണ് പരാതിക്കാരൻ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം.

Read more

ഇതു സംബന്ധമായ മുഴുവൻ വിവരങ്ങളും ഇടപാടുകളും പുറത്ത് കൊണ്ടുവരാൻ എഡിജിപി ശ്രീജിത്തിൻ്റെയും സ്വകാര്യ സ്പാ ഉടമകളുടെയും, നടിയുടെയും യാത്രാ രേഖകളും , അബുദാബിയിൽ വച്ച് ശ്രീജിത്ത് ആരെയൊക്കെ സന്ദർശിച്ചു എന്നതും ഉൾപ്പെടെ അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിയാണ് വിജിലൻസ് ഡയറക്ടർ തുടർ നടപടിക്കായി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നത്.