ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബില്‍, നിരീക്ഷണം ശക്തമാക്കി സൈബര്‍ പൊലീസ്

ക്ലബ് ഹൗസിലെ അശ്ലീല ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നതിന് തടയിടാന്‍ ഒരുങ്ങി സൈബര്‍ പൊലീസ്. ഓഡിയോ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ ചില ചാറ്റ് റൂമുകളിലെ ചര്‍ച്ചകളാണ് റെക്കോര്‍ഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. വൈകാതെ നടപടി സ്വീകരിക്കുമെന്നാണ് സൂചന.

അശ്ലീല ചര്‍ച്ചകള്‍ യൂട്യൂബിലിട്ട് പണം സമ്പാദിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ക്ലബ് ഹൗസില്‍ നടക്കുന്ന ഇത്തരം ചാറ്റ് റൂമുകളിലെ ചര്‍ച്ചകള്‍ നടത്തുന്നവരുടെ ഫോട്ടോയും പ്രൊഫൈലും എല്ലാം വ്യാജമായിരിക്കും. നൂറ് കണക്കിന് ആളുകളാണ് ചര്‍ച്ചകളില്‍ കേള്‍വിക്കാരായി കയറുന്നത്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആളുകളുടെ ഫോട്ടോയും ശബ്ദവുമടക്കം റെക്കോര്‍ഡ് ചെയ്യും. അതിന് ശേഷം ഇത് യൂട്യൂബില്‍ പ്രചരിപ്പിക്കും. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോകള്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തരം വീഡിയോകള്‍ക്ക് യൂട്യൂബ് പണം നല്‍കുന്നില്ല.

ഇതിന് നേതൃത്വം കൊടുക്കുന്നവരുടെ ഐഡികള്‍ കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യം പൊലീസ് പരിഗണനയിലുണ്ട്. അശ്ലീല ചര്‍ച്ചകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.