ടി. വി അനുപമയ്ക്ക് നേരെ സൈബര്‍ ആക്രമണവുമായി ബി.ജെ.പി; കളക്ടറുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്ന് കണ്ടെത്തലുമായി സംഘപരിവാര്‍

തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്ക് അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയതിനു വിശദീകരണം ചോദിച്ച് ജില്ലാ കളക്ടര്‍ ടി വി അനുപമ നോട്ടീസ് അയ്ച്ചതിനെ തുടര്‍ന്ന് വരണാധികാരിക്ക് നേരെ സൈബര്‍ ആക്രമണവുമായി ബിജെപി. ടി വി അനുപമയുടെ ഫെയ്‌സ്ബുക്കില്‍ പേജില്‍ ശരണം വിളിയുടെ കമന്റുകളോടെ ഒരു വിഭാഗം പ്രതിഷേധം രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു കൂട്ടര്‍ വ്യക്തിഹത്യക്കാണ് മുതിരുന്നത്.

ടി.വി അനുപമയുടെ യഥാര്‍ത്ഥ പേര് അനുപമ ക്ലിന്‍സണ്‍ ജോസഫ് എന്നാണെന്ന രീതിയിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളും വ്യാപകമാകുന്നുണ്ട്.

നോട്ടീസ് ലഭിച്ച് 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സ്ഥാനാര്‍ത്ഥിക്ക് കളക്ടര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. സുരേഷ് ഗോപിയുടെ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെ പ്രസംഗത്തിന്റെ പേരിലാണ് വിശദീകരണം.

കേരളത്തിലും ഇന്ത്യയിലും അയ്യപ്പന്‍ ഒരു വികാരം ആണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് അലയടിക്കും. താന്‍ വോട്ട് തേടുന്നത് ശബരിമല വിഷയത്തിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനത്തിലെ കുടുംബങ്ങളുടെ ചര്‍ച്ചാവിഷയം ഇതാണെന്നും സുരേഷ് ഗോപി കണ്‍വെന്‍ഷനില്‍ പറഞ്ഞിരുന്നു. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണ്.

താന്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിട്ടില്ലെന്ന് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി ആലോചിച്ച് മറുപടി നല്‍കും. ഇഷ്ടദൈവത്തിന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേട്. ഇതെന്ത് ജനാധിപത്യമാണ്. ഇതിന് ജനം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.