കുടിശ്ശിക കോടികള്‍; പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് കെഎസ്ഇബി; ട്രാവന്‍കൂര്‍ സിമന്റ്‌സിന്റെ ഊര്‍ജ്ജവും നഷ്ടമായി

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി തുടര്‍ന്ന് കെഎസ്ഇബി. കോട്ടയത്ത് ബില്ലില്‍ കുടിശ്ശിക വരുത്തിയ പൊതുമേഖലാ സ്ഥാപനത്തിന്റെ ഫ്യൂസ് വിച്ഛേദിച്ചായിരുന്നു കെഎസ്ഇബിയുടെ നടപടി. ഇത്തവണ കുടിശ്ശിക വരുത്തി കെഎസ്ഇബിയുടെ ലിസ്റ്റില്‍ കയറിപ്പറ്റിയത് നാട്ടകത്തെ ട്രാവന്‍കൂര്‍ സിമന്റ്‌സാണ്.

കുടിശ്ശിക ഇനത്തില്‍ കെഎസ്ഇബിയ്ക്ക് രണ്ട് കോടി രൂപ ലഭിക്കാനുണ്ട്. ഇതേ തുടര്‍ന്നാണ് കടുത്ത നടപടിയുമായി കെഎസ്ഇബി രംഗത്തെത്തിയത്. സംസ്ഥാനത്ത് വേനല്‍ക്കാലം ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. ഇതോടെ കെഎസ്ഇബിയുടെ ചെലവും ഉയരുകയാണ്. ഇതേ തുടര്‍ന്നാണ് കുടിശ്ശിക വരുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി കടുപ്പിക്കുന്നത്.

പത്തനംതിട്ട ജില്ലയിലും കെഎസ്ഇബി സമാന നടപടിയെടുത്തിരുന്നു. ബില്ലില്‍ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് റാന്നി ഡിഎഫ്ഒ ഓഫീസില്‍ ഉള്‍പ്പെടെ കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. നേരത്തെ എറണാകുളം കളക്ടറേറ്റിലെ ഫ്യൂസും കെഎസ്ഇബി ഊരിയിരുന്നു. തുടര്‍ന്ന് കുടിശ്ശിക അടയ്ക്കാമെന്ന കളക്ടറുടെ ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്.