മോന്‍സണ്‍ കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്; ഇടപാടുകളും, ഫോണ്‍ രേഖയും പരിശോധിക്കും

മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകേസില്‍ അന്വേഷണം സംഘം യോഗം ചേരുന്നു. വിശദമായ അന്വേഷണത്തിനാണ് നീക്കം. ഇതിന്റെ ഭാഗമായി മോന്‍സണ്‍ മാവുങ്കലിന്റെ ഫോണ്‍ രേഖകള്‍ വിശദമായി പരിശോധിക്കും.

കേസന്വേഷിക്കുന്ന സംഘവുമായി ക്രൈം ബ്രാഞ്ച് ഐജി സ്പര്‍ജ്ജന്‍ കുമാര്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തും. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിക്കും. പരാതിക്കാരെ പറ്റിക്കാന്‍ ഉപയോഗിച്ച എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജരേഖ സംബന്ധിച്ചും പരിശോധന നടത്തും. ഈ രേഖ നിര്‍മ്മിച്ചതാരെന്നും അന്വേഷിക്കും.

അതിനിടെ മോന്‍സണ്‍ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി കഴിഞ്ഞ ദിവസം പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. മോന്‍സനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് പീഡിപ്പിക്കുകയാണെന്ന് കാട്ടി മുന്‍ ഡ്രൈവര്‍ അജി നല്‍കിയ കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. തട്ടിപ്പുകാര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇവരുടെ വിശ്വാസ്യത വര്‍ദ്ധിക്കുന്നതിനും തട്ടിപ്പുകള്‍ സുഗമമായി നടത്താനും ഇതു സഹായിക്കുമെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചത്.