കൊച്ചി മെട്രോ തൂണിന് പുറത്ത് വിള്ളല്‍; ബലക്ഷയമില്ലെന്ന് കെ.എം.ആര്‍.എല്‍

ആലുവയില്‍ കൊച്ചി മെട്രോ തൂണിന്റെ പുറത്ത് വിള്ളല്‍. ആശങ്ക വേണ്ടെന്നെന്നും മെട്രോ തൂണിന് ബലക്ഷയമില്ലെന്നും അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് പരിശോധനയില്‍ വ്യക്തമായെന്നും  കെഎംആര്‍എല്‍ അറിയിച്ചു.

ആലുവ ബൈപ്പാസില്‍ പില്ലര്‍ നമ്പര്‍ 44 ലിലാണ് വിള്ളല്‍. തൂണിന് ചുറ്റും വിടവാണ് കാണാനാകുക. പത്തടിപ്പാലത്തെ തൂണിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ നാട്ടുകാരാണ് ഇക്കാര്യം മെട്രോ കമ്പനിയെ അറിയിച്ചത്.

നാല് മാസങ്ങള്‍ക്ക് മുന്‍പെ മെട്രോയുടെ ഓപ്പറേഷനല്‍ വിഭാഗവും ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയും നടത്തി. തൂണിന്റെ കോണ്‍ക്ട്രീറ്റ് പൂര്‍ത്തിയാക്കി പ്ലാസ്റ്ററിംഗ് സമയത്ത് സംഭവിച്ച പ്രശ്‌നമാണ് വിള്ളലിന് കാരണമെന്നാണ് കണ്ടെത്തല്‍.

പ്ലാസ്റ്ററിംഗ് ജോലിക്കിടെ ഫില്ലിംഗ് നടത്തിയപ്പോള്‍ മിശ്രിതം ചേരുന്നതില്‍ ഏറ്റകുറച്ചിലുണ്ടായി. എന്നാല്‍ ഇത് തൂണിന് ഏറ്റവും പുറത്തുള്ള പാളി മാത്രമെന്നും തൂണിന്റെ ബലത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്നുമാണ് മെട്രോ കമ്പനി പറയുന്നത്.