ബി.ജെ.പി- ആർ.എസ്.എസ് നേതൃത്വം അവഗണിച്ച പ്രവർത്തകരെ ലക്ഷ്യമിട്ട് സി.പി.എമ്മിന്റെ ഓപ്പറേഷൻ

സംസ്ഥാനത്തുടനീളം ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം അവഗണിച്ച പ്രവർത്തകരെ ലക്ഷ്യമിട്ട് സി.പി.എം. വിശ്വാസികൾക്കിടയിൽ സ്വാധീനം ഉറപ്പിക്കുന്നതിനാണ്  ജനസ്വാധീനമുള്ള പ്രാദേശിക സംഘപരിവാർ നേതാക്കളെ സി.പി.എം ചേരിമാറ്റുന്നത്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബി.ജെ.പി. ശക്തി തെളിയിച്ച ഇടങ്ങളിലാണ് ഇതിന് കൂടുതൽ ശ്രദ്ധ നൽകിയിട്ടുള്ളത്. പാർട്ടി സമ്മേളനങ്ങൾ പൂർത്തിയാകുമ്പോഴേക്ക് പ്രാദേശികമായ ഈ നീക്കത്തിന്റെ ഒന്നാംഘട്ടമാകും.

ബി.ജെ.പി അട്ടിമറി വിജയം നേടിയ പന്തളത്ത് ഈ നീക്കത്തിന് ചുമതല വഹിച്ചിരുന്നത് ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.  ശബരിമല പ്രക്ഷോഭ കാലത്ത് ആർ.എസ്.എസിന് ഒപ്പം നിന്ന താഴെത്തട്ടിലെ ചില നേതാക്കളെ വരെ ഇടത് ക്യാമ്പിലെത്തിക്കാൻ അവർക്ക് കഴിഞ്ഞു. സമാനമായി ബി.ഡി.ജെ.എസ്. പ്രാദേശിക ഘടകങ്ങളിൽ നിന്ന്‌ അണികളെയും നേതാക്കളും ഒപ്പം കൂട്ടുന്നുണ്ട്.

നഗരസഭയിലെ ബി.ജെ.പി. പാർലമെന്ററി പാർട്ടിയിൽ പോലും കടന്നുകയറി ഭിന്നിപ്പുണ്ടാക്കി ഭരണം അവസാനിപ്പിക്കാൻ ശ്രമം നടത്താൻ പച്ചക്കൊടി കാട്ടിയിരുന്നു. കൗൺസിലർമാർ രാജി വെച്ചാൽ സി.പി.എം.ടിക്കറ്റിൽ വിജയിപ്പിച്ചെടുക്കാൻ വരെ ഉറപ്പു നൽകണമെന്നാണ് തീരുമാനം. ആലപ്പുഴയിലെ സമാന നീക്കത്തിന് സി.പി.എമ്മിലെ ഉയർന്ന നേതാവ് നേതൃത്വം വഹിക്കുന്നു.

തിരുവനന്തപുരം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലും ശക്തമായ നീക്കം നടത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം ബി.ജെ.പി.- ആർ.എസ്.എസ്. നേതൃത്വം അവഗണിച്ച ഒട്ടേറെ മുൻകാല പ്രാദേശിക നേതാക്കളെ ഇതിനോടകം സി.പി.എമ്മിലെത്തിച്ചു. സംഘപരിവാർ വിട്ടുവരുന്നവർക്ക് അർഹമായ പരിഗണന നൽകണമെന്നും പ്രാദേശികമായി ഇതിന് എതിർപ്പുണ്ടാക്കരുതെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പ്രതിരോധത്തിലായ സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിന് ഈ നീക്കങ്ങൾക്ക് തടയിടാൻ കഴിഞ്ഞിട്ടില്ല. പന്തളം നഗരസഭയിൽ രക്ഷാപ്രവർത്തനത്തിന് അവസാന നിമിഷമാണ് പാലക്കാട് നിന്നുള്ള നേതാവിനെ ഇറക്കിയത്.