സി.പി.എം പിന്തുണ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ല, എതിര്‍ക്കുന്നത് ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ: എം.വി ഗോവിന്ദന്‍

എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന പിന്തുണയില്‍ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോള്‍ നല്‍കുന്ന പിന്തുണ രാഹുല്‍ ഗാന്ധിയെന്ന വ്യക്തിക്കല്ലെന്നും ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെ എതിര്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.

ലക്ഷദ്വീപിലെ എംപിയെ അയോഗ്യനാക്കിയ വിഷയത്തിലും ഈ നിലപാട് തന്നെയാണ് സിപിഎം സ്വീകരിച്ചത്. ഏത് പാര്‍ട്ടികള്‍ക്കെതിരായ ബിജെപി നടപടിയിലും ഇതുതന്നെയാകും സിപിഎം നിലപാട്. കേരളത്തില്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകളില്‍ മാറ്റമുണ്ടാകില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

സിപിഎം ഇപ്പോള്‍ എടുക്കുന്ന നിലപാട് കോണ്‍ഗ്രസിനെ സഹായിക്കുമോ എന്നതല്ല. ജനാധിപത്യ സംവിധാനത്തിന് മുന്നോട്ടുപോകാനുള്ള വഴിയൊരുക്കുകയാണ് രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ ചെയ്യുന്നതെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ സത്യാഗ്രഹം നടക്കുകയാണ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹം. പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍  സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.