ലക്ഷദ്വീപ് സന്ദർശിക്കാൻ സി.പി.എം, എം.പിമാര്‍ക്ക് അനുമതി നിഷേധിച്ചു; യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന ഭയമാണ് ഭരണകൂടത്തിനെന്ന് എളമരം കരീം

ലക്ഷദ്വീപ് സന്ദർശിക്കാൻ സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നൽകിയ അപേക്ഷയാണ് അഡ്മിനിസ്ട്രേഷൻ തള്ളിയത്. എന്നാൽ അഡ്മിനിസ്ട്രേഷൻ നടപടിയ്ക്കെതിരെ പ്രതിഷേധം നടത്തുമെന്ന് സിപിഐഎം നേതാവും എംപിയുമായ എളമരം കരീം അറിയിച്ചു. യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് അനുമതി നിഷേധിച്ചിരിക്കുന്നതെന്നും എളമരം കരീം ചൂണ്ടിക്കാട്ടി.

“”ലക്ഷദ്വീപില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നതിനെ ഇവര്‍ക്ക് ഭയമാണ്. ഒരു ജനതയെ ആകെ ബന്ദികളാക്കി കിരാത നിയമങ്ങളും ഏകപക്ഷീയമായ പരിഷ്‌കാരങ്ങളും അടിച്ചേല്‍പ്പിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്ന സംഘപരിവാര്‍ തന്ത്രമാണ് പുതിയ അഡ്മിനിസ്ട്രേറ്റര്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്”” – എളമരം കരീം പറഞ്ഞു.

വി ശിവദാസൻ, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദർശിക്കാൻ അപേക്ഷ നൽകിയത്. കോവിഡ് സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന് അധികൃതർ അറിയിച്ചു. നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. സമാനമായ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

ലക്ഷദ്വീപില്‍ ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ സന്ദര്‍ശകപാസില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.

ലക്ഷദ്വീപിലെ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘം ദ്വീപിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കവെയാണ് കേന്ദ്രത്തിന്റെ അടിയന്തിര ഉത്തരവ് വന്നിരിക്കുന്നത്. ശനിയാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത്തരത്തില്‍ എത്തിയിട്ടുള്ളവരെ പൊലീസ് ഉടന്‍ കണ്ടെത്തണമെന്നും ഉത്തരവില്‍ പറയുന്നു.ലക്ഷദ്വീപില്‍ കേന്ദ്രം നയം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകരെ വിലക്കിയിരിക്കുന്നത്.