സി.പി.ഐ.എം സംസ്ഥാന സമിതി ഇന്ന്; പി. ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും

സിപിഐഎം സംസ്ഥാന സമിതി ഇന്ന് ചേരും. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കും. നിലവിലെ സെക്രട്ടറി പുത്തലത്ത് ദിനേശന്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് പാര്‍ട്ടി പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ പരിഗണിക്കുന്നത്. ഒപ്പം മറ്റു നേതാക്കളുടെ ചുമതലയിലും ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാനസമിതി യോഗത്തില്‍ തീരുമാനമാകും.
ഇപി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാനുള്ള തീരുമാനത്തില്‍ സംസ്ഥാന സമിതിയുടെ അംഗീകാരം തേടും.

സംസ്ഥാന സമിതി അംഗവും ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായിരുന്നു പി ശശി. 11 വര്‍ഷം സംസ്ഥാന സമിതിക്ക് പുറത്തുനിന്ന ശശിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് തിരിച്ചെത്തിച്ചത്. സംസ്ഥാന സമിതിക്ക് താഴെയുള്ളവരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കാറില്ല. ഇതിനാലാണ് ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തി ശശിയെ കമ്മിറ്റിയിലെത്തിച്ചത്.

നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പുത്തലത്ത് ദിനേശനെ ദേശാഭിമാനി പത്രാധിപരാക്കാനാണ് സാധ്യത. തോമസ് ഐസക്ക്, എം സ്വരാജ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റേയും ഇഎംഎസ് അക്കാദമിയുടെയും ചുമതല എസ് രാമചന്ദ്രന്‍ പിള്ളയക്ക് നല്‍കിയേക്കും. ആനാവൂര്‍ നാഗപ്പന് പകരം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാരെന്നും തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥിയാരെന്നും യോഗത്തില്‍ ചര്‍ച്ചയാകും.