സി.പി.ഐ നേതാവ് 'മാളികപ്പുറം' സിനിമയെ അഭിനന്ദിച്ചു; പിന്നാലെ പോര്‍വിളി; അക്രമികള്‍ സ്ഥാപനത്തിന് തീയിട്ടു

ണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ അഭിനന്ദിച്ചുള്ള കുറിപ്പ് പങ്കുവെച്ച സിപിഐ പ്രവര്‍ത്തകന്റെ കട തകര്‍ത്തു. സാധനങ്ങള്‍ക്ക് തീയിട്ടു. മലപ്പുറം സ്വദേശിയും യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിന്റെ കടയക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസം മാളികപ്പുറം സിനിമ കണ്ടിറങ്ങിയശേഷം യുവകലാസാഹിതി പൊന്നാനി മണ്ഡലം സെക്രട്ടറിയുമായ ഇയാള്‍ ഫെയ്സ്ബുക്കില്‍ അഭിനന്ദനകുറിപ്പ് ഇട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. കുറിപ്പിനെ വിമര്‍ശിച്ച് സി.പി.എം. അനുഭാവിയും നരണിപ്പുഴ റോഡരികില്‍ ചായക്കട നടത്തുന്നയാളുമായ ഭഗവാന്‍ രാജന്‍ മറുകുറിപ്പുമായി രംഗത്തുവന്നു.

തുടര്‍ന്ന് സി.പി.എം. അനുഭാവികളും സി.പി.ഐ. അനുഭാവികളും പരസ്പരം ഫേസ്ബുക്കിലൂടെ തമ്മിലടിച്ചു പോര്‍വിളിച്ചു. ഇതിനെ തുടര്‍ന്നാണ് പ്രഗിലേഷിന്റെ ഉടമസ്ഥതയിലുള്ള എരമംഗലം സെന്ററിലെ ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് എന്ന സ്ഥാപനത്തിനുനേരെ ആക്രമണം നടക്കുന്നത്. ലൈറ്റുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍, ക്ഷേത്രോത്സവങ്ങള്‍ക്കായി തയ്യാറാക്കിയ സ്വാഗതബോര്‍ഡുകള്‍ തുടങ്ങിയവ രാത്രിയില്‍ അക്രമികള്‍ തീവെച്ചു നശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ പ്രഗിലേഷ് കട തുറക്കാനെത്തിയപ്പോഴാണ് ഇതു ശ്രദ്ധയില്‍പ്പെട്ടത്. പെരുമ്പടപ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പൊന്നാനി താലൂക്ക് മാധ്യമ കൂട്ടായ്മയും വന്നേരിനാട് പ്രസ് ഫോറവും ആവശ്യപ്പെട്ടിട്ടുണ്ട്.