15 വയസിന്റെ കുത്തിവെയ്പ്പിന് പകരം കോവിഡ് വാക്‌സിന്‍ നല്‍കി; ഡി.എം.ഒയുടെ വിവരശേഖരണം ഇന്ന്

തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് വാക്സിന്‍ മാറി കുത്തിവെച്ച സംഭവത്തില്‍ ഡി.എം.ഒ ഇന്ന് നേരിട്ടെത്തി വിവരശേഖരണം നടത്തും. പതിനഞ്ച് വയസില്‍ താഴെയുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്‌സിന്‍ മാറി നല്‍കിയത്. തിരുവനന്തപുരത്തെ ആര്യനാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവെയ്പ് എടുക്കാനായാണ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ അധികൃതര്‍ ഇവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് കുട്ടികളും മാതാപിതാക്കളും ആവശ്യപ്പട്ടിരിക്കുന്നത്.

ഒ.പി ടിക്കറ്റില്‍ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവെയ്പ്പ് എന്ന് അടയാളപ്പെടുത്തിയിരുന്നു. എന്നിട്ടും എങ്ങനെയാണ് വാക്‌സിന്‍ മാറിപ്പോയത് എന്ന കാര്യത്തില്‍ ആശുപത്രി അധികൃതര്‍ മറുപടി നല്‍കണം എന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

ഡി.എം.ഒ നേരിട്ട് വന്ന് വിവരശേഖരണം നടത്തിയതിന് ശേഷം വിഷയത്തില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കാനാണ് സാധ്യത.