രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു; സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. കേവിഡ് കേസുകള്‍ ഉയരുന്നതില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇതിന് പുറമേ ആവശ്യമായ പരിശോധന ഉറപ്പാക്കണം, രോഗം സ്ഥിരീകരിക്കുന്ന ആളുകളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധനയ്ക്ക് വിധേയമാക്കണം, കൂടാതെ ഉത്സവക്കാലം മുന്നില്‍ കണ്ട് രോഗം പടരാനുള്ള സാധ്യത ഒഴിവാക്കണം തുടങ്ങി യ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

നിലവില്‍ രാജ്യത്തിലെ 89.38 ശതമാനം കോവിഡ് കേസുകളും കേരളത്തിലാണ്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജില്ലാ തലത്തില്‍ രോഗ ലക്ഷണങ്ങള്‍ കൂടുന്നത് നിരീക്ഷിക്കണം, ആര്‍ടി പിസിആര്‍, ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം, ആശുപത്രികളിലെ സാഹചര്യം വിലയിരുത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നത്.

അതേ സമയം കേരളത്തില്‍ ജെഎന്‍ വണ്‍ അതിവേഗം വ്യാപിക്കുന്നുണ്ട്. സംസ്ഥാനത്ത് പുതുതായി 111 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നരമാസത്തിനിടെ 1600 ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത ഒരു മരണം ഉള്‍പ്പെടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 10 പേരാണ്. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു.