തെളിവുകളില്ല; കോണ്‍ഗ്രസ് നേതാവ് ലാൽജി വധക്കേസിൽ 9 പ്രതികളെ വെറുതെ വിട്ട് കോടതി

കോണ്‍ഗ്രസ് നേതാവ് ലാല്‍ജി വധക്കേസിൽ 9 പ്രതികളെയും കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോടതി ഉത്തരവ്.അയ്യന്തോള്‍ സ്വദേശികളായ വൈശാഖ്, രാജേഷ്, പ്രശാന്ത്, സതീശൻ, അനൂപ്, രവി, രാജേന്ദ്രൻ, സജീഷ്, ജോമോൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിനെ തുടർന്നായിരുന്നു ലാൽജി കൊള്ളന്നൂർ കൊല്ലപ്പെട്ടത്.

2013 ആഗസ്റ്റ് 16നാണ് ബൈക്കിലെത്തിയ സംഘം ലാല്‍ജിയെ വെട്ടിക്കൊലപ്പെടുത്തിയത്.അയ്യന്തോള്‍ കൊള്ളന്നൂര്‍ ജോര്‍ജിന്റെയും ഓമനയുടെയും മൂത്ത മകനായ ലാല്‍ജി ലാലൂരിലാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ കാണാനായി അയ്യന്തോളിലെത്തിയപ്പോഴായിരുന്നു ആക്രമണം. അയ്യന്തോൾ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്റും കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ചെയര്‍മാനുമായിരുന്നു കൊല്ലപ്പെടുമ്പോൾ ലാൽജി.

തൃശൂരിൽ അതേ വർഷം മൂന്നു മാസത്തിനിടയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നുണ്ടാകുന്ന രണ്ടാമത്തെ കൊലപാതകമായിരുന്നു ലാല്‍ജിയുടേത്. ഏപ്രിലില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോൺഗ്രസ് നേതാവ് മധു ഈച്ചരത്ത് കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതി പ്രേംലാല്‍ എന്ന പ്രേംജിയുടെ ജ്യേഷ്ഠനാണ് ലാല്‍ജി.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ഐ ഗ്രൂപ്പുകാരായിരുന്ന മധുവും ലാല്‍ജിയും തമ്മിൽ ഉടക്കുകയായിരുന്നു.മധുവിന്റെ നോമിനിക്കെതിരെ പ്രേംജി മത്സരിച്ച് ജയിച്ചതോടെ പ്രേംജിയെ വീട്ടിൽ കയറി മധുവും സംഘവും ആക്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മധുവിനെ കൊലപ്പെടുത്തിയത്. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു ലാൽജിക്ക് നേരെയുണ്ടായത്.