കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചിയില്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ കോര്‍പ്പറേഷനിലെ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്. കൈക്കൂലിക്കേസില്‍ ഏപ്രില്‍ 30നാണ് സ്വപ്നയെ വിജിലന്‍സ് അറസ്റ്റ് ചെയ്ത്.

ബില്‍ഡിംഗ് ഡ്രോയിംഗ് പെര്‍മിറ്റിന് അനുമതി നല്‍കാന്‍ 25,000 രൂപയായിരുന്നു സ്വപ്ന കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് നടത്തിയ വില പേശലില്‍ 5,000 രൂപയാക്കി. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലന്‍സ് സംഘം നടുറോഡില്‍ വച്ച് സ്വപ്നയെ പിടികൂടിയത്.

സ്വപ്ന ഔദ്യോഗിക കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്നും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ സ്വപ്ന നല്‍കിയ മുഴുവന്‍ ബില്‍ഡിംഗ് പെര്‍മിറ്റ് രേഖകളും വിജിലന്‍സ് റെയ്ഡിലൂടെ പിടിച്ചെടുത്തു. രണ്ട് വര്‍ഷമായി വൈറ്റില സോണല്‍ ഓഫീസിലെ ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ ആയിരുന്ന സ്വപ്ന 2019ലാണ് തൃശൂര്‍ കോര്‍പ്പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുന്നത്.

സ്ഥലംമാറ്റം നല്‍കി 2023ല്‍ കൊച്ചി കോര്‍പ്പറേഷന്‍ വൈറ്റിലയിലെ സോണല്‍ ഓഫീസിലെത്തി. സ്വപ്ന എളുപ്പത്തില്‍ മേല്‍ ഉദ്യോഗസ്ഥരുടെ വിശ്വാസം പിടിച്ചു പറ്റി. ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ റാങ്ക് ആയതിനാല്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പദവിയും കിട്ടി. നഗര ഹൃദയമായതിനാല്‍ കെട്ടിട പെര്‍മിറ്റ് സംബന്ധിച്ച കുറെ അപേക്ഷകള്‍ ചെറിയ സമയത്തിനുള്ളില്‍ സ്വപ്നയ്ക്ക് മുന്നിലെത്തി. ഇതിലെല്ലാം സ്വപ്ന അഴിമതി നടത്തിയിട്ടുണ്ടോ എന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്.