ചരക്കുകപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ തിരുവനന്തപുരത്തിന്റെ തീരത്തും; കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞവ ഇന്ന് മുതൽ നീക്കം ചെയ്യും

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരത്തെ തീരത്തേക്ക് അടിഞ്ഞു. തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ തീരങ്ങളിലാണ് ഇന്ന് രാവിലെ കണ്ടെയ്നറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകൾ ഒഴുകി നടക്കുന്നതായി കോസ്റ്റൽ പൊലീസ് അറിയിച്ചു.

കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു.

Read more

ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.