വധഗൂഢാലോചന കേസ്; സായ് ശങ്കറിനെ ചോദ്യം ചെയ്യും, നോട്ടീസ് നല്‍കി ക്രൈം ബ്രാഞ്ച്

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ ഐടി വിദഗ്ദന്‍ സായ് ശങ്കറിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ച വിഷയത്തിലാണ് ചോദ്യം ചെയ്യല്‍. സ്ായ് ശങ്കറിന്റെ രഹസ്യമൊഴിയെടുക്കാനും ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൊലീസില്‍ കീഴടങ്ങിയ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണ് രേഖകള്‍ മാറ്റിയതെന്ന് ഇയാള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ചു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരിക്കുന്നത്.

തെളിവു നശിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അഭിഭാഷകരുടെ കമ്പ്യൂട്ടറുകള്‍ കസ്റ്റഡിയിലെടുക്കും. അതേ സമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകരോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍ നോട്ടിസ് അയച്ചു. അഡ്വ.ബി രാമന്‍പിള്ള, അഡ്വ.സുജേഷ് മേനോന്‍, അഡ്വ.ഫിലിപ്പ് എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചത്. 14 ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. അതിജീവിതയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

പ്രതികള്‍ക്കൊപ്പം ചേര്‍ന്ന് 20ലധികം സാക്ഷികളെ അഭിഭാഷകന്‍ കൂറുമാറ്റിയെന്ന് അതിജീവിത പരാതിയില്‍ പറഞ്ഞു. നിയമവരുദ്ധ പ്രവര്‍ത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി സ്വീകരിക്കണം. സീനിയര്‍ അഭിഭാഷകനായ ബി രാമന്‍പിള്ള, ഫിലിപ് ടി വര്‍ഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണ് എന്നും പരാതിയില്‍ പറഞ്ഞിരുന്നു.