വധഗൂഢാലോചന കേസ്; സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ഫോണുകളും ഐ പാഡും പിടിച്ചെടുത്തു

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സൈബര്‍ വിദഗ്ധന്‍ സായ്ശങ്കറിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ പരിശോധന പൂര്‍ത്തിയായി. സായ്ശങ്കറിന്റെ രണ്ട് മൊബൈല്‍ ഫോണുകളും ഐ പാഡും അന്വേഷണ സംഘം പിടിച്ചെടുത്തു. കോഴിക്കോടേ കാരപറമ്പിലെ ഫ്‌ളാറ്റിലായിരുന്നു പരിശോധന നടത്തിയത്.

രാവിലെ എട്ടേകാലിന് തുടങ്ങിയ റെയ്ഡ് 4 മണിക്കൂര്‍ നീണ്ടുനിന്നു. സായ് ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലും സംഘം പരിശോധന നടത്തി. വധഗൂഢാലോചന കേസിലെ നിര്‍ണായക തെളിവുകളായ ഫോണ്‍ രേഖകള്‍ സായ് ശങ്കറാണ് നശിപ്പിച്ചത് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതേ തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിച്ചുകൊണ്ട് ക്രൈം ബ്രാഞ്ച് സായ് ശങ്കറിന് നോട്ടീസ് നല്‍കി. നാളെയാണ് ചോദ്യം ചെയ്യല്‍. ഇതിന് മുന്നോടി ആയിട്ടാണ് സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പടെയുള്ള സംഘം പരിശോധന നടത്തിയത്.

അതേ സമയം, ദിലീപിന് എതിരായ വധഗൂഢാലോചന കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസില്‍ വിശദമായ വാദം കേള്‍ക്കണമെന്നാണ് കോടതി പറഞ്ഞത്. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. കേസ് 28ന് വീണ്ടും പരിഗണിക്കും.