മുന്നോക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പ്, സി.പി.എം ശ്രമിക്കുന്നത് വർഗീയ ധ്രുവീകരണത്തിനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

മുന്നോക്ക സംവരണത്തോട് കോണ്‍ഗ്രസിന് യോജിപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംവരണ വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സി.പി.എം ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിനാണ് മറുപടി.

വെൽഫെയർ പാർട്ടി ഉൾപ്പെടെയുള്ള തീവ്ര നിലപാടുള്ള കക്ഷികളുമായി യുഡിഎഫ് സഖ്യമില്ല. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം ഇത്തരം കക്ഷികളുടെ പിന്തുണണ കൊണ്ടല്ല. ഇടതുപക്ഷമാണ് തീവ്ര നിലപാടുള്ള കക്ഷികളുമായി എന്നും ബന്ധമുണ്ടാക്കിയിട്ടുള്ളത്.

അതേസമയം മുന്നോക്ക സംവരണ വിഷയത്തില്‍ പാര്‍ട്ടിയില്‍ കൂടുതൽ ചർച്ച നടക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് പറഞ്ഞു. രാഷ്ട്രീയ കാര്യ സമിതിയിൽ തന്‍റെ നിലപാട് അറിയിക്കും. ദേശീയ നിലപാട് ഉണ്ടെങ്കിലും അതേപടി കേരളത്തിൽ സ്വീകരിക്കാനാവില്ല. മുസ്‍ലിം ലീഗിനെ പിണക്കാത്ത നിലപാട് എടുക്കണമെന്നും തോമസ് പറഞ്ഞു.

അതേസമയം മുന്നോക്ക സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ലത്തീന്‍ സഭ രംഗത്തെത്തി. മുന്നോക്ക സംവരണം സംസ്ഥാന സര്‍ക്കാര്‍ അശാസ്ത്രീയമായി ധൃതി പിടിച്ച് നടപ്പാക്കി. മുന്നോക്ക ഉദ്യോഗസ്ഥ ലോബിയുടെ കെണിയില്‍ സര്‍ക്കാര്‍ പെട്ടുപോയെന്ന് സംശയം. സവര്‍ണ സംഘടിത ശക്തികളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ കീഴടങ്ങുന്നുവെന്നും KRLCC വൈസ് പ്രസിഡന്റ് ഷാജി ജോർജ്ജ് പറഞ്ഞു.