ഉമ്മൻ ചാണ്ടിയുടെ പകരക്കാരൻ ആര്?; പുതുപ്പള്ളി കൈവിടാതെ നോക്കാൻ കോൺഗ്രസ്, ഇന്ന് നിർണായക യോഗം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണം കോൺഗ്രസിന് നികത്താനാകാത്ത നഷ്ടം തന്നെയാണ്. അതോടൊപ്പം തന്നെ ഇപ്പോൾ പാർട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി ഉമ്മൻചാണ്ടി പ്രതിനിധീകരിച്ചിരുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഉപ തെര‍ഞ്ഞെടുപ്പാണ്. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധികരിച്ച മണ്ഡലത്തിൽ പകരക്കാരനെ കണ്ടെത്തുക എന്ന ദൗത്യമാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കളുടെ മുന്നിലുള്ളത്.

ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ തുടരുകയാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകും സ്ഥാനാർത്ഥിയെന്ന തീരുമാനത്തിലേക്കാണ് കോൺഗ്രസ് എത്തുന്നതെന്ന സൂചനകൾ ആദ്യം മുതലെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.

പുതിയ സ്ഥാനാർഥി നിർണയത്തിന്‌റേയും പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെയും ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നു ചേരാൻ തീരുമാനിച്ചിരിക്കുകയാണ്.ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കും. തിരഞ്ഞെടുപ്പിന്‍റെ പ്രധാന ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെ കുറിച്ചാകും ഇന്നത്തെ യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക.

ഉമ്മൻചാണ്ടിയുടെ വിയോഗം സഹതാപതരംഗം ഉയർത്തുമെങ്കിലും ഉപ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് സിപിഎമ്മും. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനകളാണ് എൽ ഡി എഫിൽ നിന്നും പുറത്തുവരുന്നത്. അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സി പി എമ്മുള്ളത്. താഴെ തട്ടുമുതൽ പാർട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങൾ.