സണ്ണി ജോസഫിന്റെ വാദം തെറ്റ്; രാഹുലിനെതിരെ ലഭിച്ച ആദ്യ പരാതി കോണ്‍ഗ്രസ് നേതൃത്വം മറച്ചുവച്ചെന്ന് വിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബംഗളൂരു സ്വദേശിയായ യുവതി നല്‍കിയ പരാതി കോണ്‍ഗ്രസ് നേതൃത്വം മറച്ചുവച്ചതായി വിമര്‍ശനം. രാഹുലിനെതിരെ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ടുകള്‍.

രാഹുലിനെതിരെ ആദ്യമായി രേഖാമൂലം പരാതി നല്‍കിയ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുല്‍ ഗാന്ധിക്കും പരാതിയുടെ പകര്‍പ്പ് മെയില്‍ ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെയും രാഹുലിനെതിരെ കെപിസിസിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും ബെംഗളൂരു സ്വദേശിനി നല്‍കിയ പരാതിയാണ് ആദ്യമായി രാഹുലിനെതിരെ ലഭിച്ചതെന്നുമായിരുന്നു സണ്ണി ജോസഫിന്റെ വാദം. ഇത് തെറ്റാണെന്നും പരാതി ലഭിച്ച വിവരം നേതൃത്വം മറച്ചുവെച്ചുവെന്നും തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

നവംബര്‍ 28ന് ഉച്ചകഴിഞ്ഞാണ് അതിജീവിത രാഹുലിനെതിരായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പിന്നാലെ 3.15ഓടെ ഈ പരാതിയുടെ പകര്‍പ്പ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനുള്‍പ്പെടെ മെയില്‍ ചെയ്തിരുന്നു. എന്നാല്‍ പരാതി ലഭിച്ച വിവരം കോണ്‍ഗ്രസ് നേതൃത്വം മറച്ചുവെച്ചുവെന്നാണ് വിമര്‍ശനം.

Read more

അതേസമയം, ബംഗളൂരു സ്വദേശിയായ യുവതി നല്‍കിയ ബലാത്സംഗ പരാതി ഇന്ന് ഉച്ചകഴിഞ്ഞാണ് തനിക്ക് ലഭിച്ചതെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. തീയതി അടക്കമുള്ള വിശദാംശങ്ങള്‍ ഉണ്ടായിരുന്നില്ല. ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി ഫോര്‍വേഡ് ചെയ്തു. പൊലീസുമായി സഹകരിച്ച് മുന്നോട്ടു പോകണമെന്ന് യുവതിക്ക് മറുപടി നല്‍കിയെന്നും സണ്ണി ജോസഫ് പറഞ്ഞു.