പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് ഗിവർഗീസ് മാർ കൂറിലോസ്. 6 വർഷത്തോളം നീണ്ട പോരാട്ടത്തിന്റെ വിജയമാണ് കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്നും കേസുകൾ പിൻവലിച്ചതും നല്ല തീരുമാനമാണെന്നും ഗിവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
വികസനം എന്ന വാക്കിന് തന്നെ ബദൽ അന്വേഷിക്കണമെന്നും മഞ്ഞക്കുറ്റി ഒരു പ്രതീകമാണെന്നും ഗിവർഗീസ് മാർ കൂറിലോസ് പറഞ്ഞു. സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിച്ച അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ പ്രതീകമാണ്. എല്ലാ സർക്കാരുകൾക്കും ഉള്ള മുന്നറിയിപ്പാണ്. കേരളത്തിന്റെ സമര ചരിത്രത്തിൽ സുവർണ ലിപികളിൽ കെ റെയിൽ സമരം ഓർമ്മിക്കപ്പെടും. ഇതിനേക്കാൾ മോശമായ പ്രൊജക്റ്റുകൾ പുതിയ സർക്കാർ കൊണ്ട് വന്നാൽ അതിനെയും എതിർക്കുമെന്നും ഗിവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
Read more
അതിവേഗ റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം സർക്കാർ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. വിജ്ഞാപനം റദ്ദാക്കിയതായും പദ്ധതിക്കായി സ്ഥലമേറ്റെടുക്കലിന്റെ ഭാഗമായി നാട്ടിയ മഞ്ഞ കുറ്റികൾ പിഴുതുമാറ്റാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാൻ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും റദ്ദു ചെയ്യും. പദ്ധതി നടക്കുന്നുമില്ല, ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.







