തലശേരിയില്‍ സദാചാര ആക്രമണം നടന്നെന്ന പരാതി; പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ തലശേരിയില്‍ ദമ്പതികള്‍ക്ക് നേരെ പൊലീസിന്റെ സദാചാര ആക്രമണമുണ്ടായെന്ന പരാതിയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കണ്ണൂര്‍ എ സിയുട റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍. ഇളങ്കോ ഡി ഐ ജിയ്ക്ക് കൈമാറി. സ്റ്റേഷനിലെ സിസിടിവിയില്‍ പ്രത്യുഷിനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്ലെന്നും മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസ് കൂടെ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

്തലശേരിയില്‍ കടല്‍പ്പാലം കാണാന്‍ പോയ പ്രത്യുഷും ഭാര്യ മേഘയുമാണ് പൊലീസിന്റെ സദാചാര ആക്രമണത്തിന് ഇരയായത്. ഒന്നാം പ്രതി പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും അതിന് ശേഷവും ഒരേ മുറിവാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. സ്റ്റേഷനില്‍ കൊണ്ടുപോയ ശേഷം പൊലീസ് മര്‍ദ്ദിച്ചുവെന്ന് പ്രത്യുഷ് പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് സംഭവം. രാത്രിയില്‍ കടല്‍പ്പാലം കാണാനെത്തിയ ദമ്പതിമാരെ പൊലീസ് ചോദ്യം ചെയ്‌തെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. സംഭവത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രത്യുഷിനെ പൊലീസ് മര്‍ദ്ദിച്ചുവെന്നും കേസെടുത്തുവെന്നും മേഘ പറഞ്ഞു.

സംഭവത്തില്‍ നിര്‍ണായക മെഡിക്കല്‍ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജയിലില്‍ അടച്ച പ്രത്യുഷിന് ദേഹമാസകലം പരിക്കേറ്റെന്ന് തെളിയിക്കുന്ന മെഡിക്കല്‍ രേഖകളാണ് പുറത്തുവന്നത്. ഇടത് കണ്ണിന് താഴെ രക്തം കല്ലിച്ച നിലയിലാണ്. ഇവിടെ ചതവുണ്ട്. ഇടത് കാലിനും വലത് മുട്ടിന് താഴെയും തോളിനും പരിക്കേറ്റ പാടുകളുണ്ട്. വലത് കൈയ്ക്ക് ചതവും, ഇടത് കൈയിലും നെഞ്ചിലും പുറക് വശത്തും ഉരഞ്ഞ പാടുകളും ഉണ്ടെന്നും രേഖകളില്‍ പറയുന്നു.