മദീനയിലെ താമസസ്ഥലത്തെ കുറിച്ച് പരാതി; കെട്ടിടത്തില്‍ സൗകര്യങ്ങളും ശുചിത്വവും കുറവാണെന്ന് മലയാളി തീര്‍ത്ഥാടകര്‍

മദീനയില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി  ഒരുക്കിയ താമസസ്ഥലത്ത് അസൗകര്യമെന്ന പരാതിയുമായി മലയാളി തീര്‍ത്ഥാടകര്‍. കെട്ടിടത്തില്‍ സൗകര്യങ്ങളും ശുചിത്വവും കുറവാണെന്നും തീര്‍ത്ഥാടകര്‍ കേന്ദ്ര സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.

ദമ്പതികള്‍ക്കു വെവ്വേറെ മുറികളില്‍ കഴിയേണ്ടി വന്നതായും പരാതിയില്‍ ആരോപിക്കുന്നു. പ്രവാചകപള്ളിയില്‍ നിന്ന് ഒരുകിലോമീറ്റര്‍ അകലെ താമസം ഒരുക്കിയത് പ്രായമായവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. ഈ മാസം 10- നു ശേഷം ഹജ്ജിനായി എത്തിയവരാണ് മസ്ജിദില്‍ നിന്നും ഏറെ മാറി ” നോണ്‍ മര്‍ക്കസിയ”യില്‍ താമസിക്കുന്നത്.എട്ടു ദിവസം വ്യത്യസ്ത മുറികളില്‍ കഴിയേണ്ടി വന്ന ദമ്പതികളാണ് പരാതിയുമായി രംഗത്തു വന്നത്.

ഇന്ത്യയില്‍ നിന്നു പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മദീനയില്‍ താമസസ്ഥലം നാട്ടില്‍ വെച്ചുതന്നെ അനുവദിക്കാനുള്ള മക്ക റൂട്ട് പദ്ധതി അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ നടപ്പാക്കാനിരിക്കുകയാണ്. ഇതിന്റെ പരീക്ഷണാര്‍ത്ഥമാണ് ഈ വര്‍ഷം നേരത്തെ തന്നെ താമസസ്ഥലം അനുവദിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് മുറിയിലേക്ക് പോകാന്‍ കഴിയും.

എന്നാല്‍ മുറി വീതിച്ചപ്പോഴുണ്ടായ പ്രശ്നങ്ങളാണ് പരാതിക്ക് ആധാരം. ക്രമനമ്പര്‍ അനുസരിച്ചാണ് മുറികളില്‍ പ്രവേശനം അനുവദിച്ചത്. അധികം വരുന്നവരെ അടുത്ത മുറിയിലേക്ക് മാറ്റുമ്പോള്‍ ദമ്പതികള്‍ രണ്ടു മുറികളിലാകുന്നുണ്ടോ എന്നു പരിശോധിക്കാത്തതാണ് വിനയായത്.