നക്ഷത്ര ജ്വല്ലറി ഉടമകള്‍ക്കെതിരെ വഞ്ചനയ്ക്കും തട്ടിപ്പിനും കേസ്; പുതിയ കമ്പനി ഉണ്ടാക്കി സ്വത്ത് കൈക്കലാക്കിയെന്ന് പാര്‍ട്ണര്‍; അന്വേഷണം കേന്ദ്ര ഏജന്‍സികളും ഏറ്റെടുത്തേക്കും

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നക്ഷത്ര ജ്വല്ലറി ഉടമകള്‍ക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കൊച്ചി പൊലീസ് കേസെടുത്തു. അരൂര്‍ സ്വദേശിയായ മാമ്മു എംഎസ് നല്‍കിയ പരാതിയിലാണ് കൊച്ചി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നക്ഷത്ര ജ്വലറി എന്ന പേരില്‍ താന്‍ തുടങ്ങിയ ഇന്ത്യയിലും വിദേശത്തുമടക്കം പ്രവര്‍ത്തിച്ചുവരുന്ന 7 സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നക്ഷത്ര ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആസ്തികള്‍ കൈക്കലാക്കുകയും മറ്റൊരു കമ്പനി തുടങ്ങി തങ്ങളെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്നാണ് മാമ്മു പരാതി നല്‍കിയിരിക്കുന്നത്.

മാമ്മുവിന്റെ സഹോദരിയുടെ പുത്രനും നക്ഷത്ര ജ്വല്ലറിയുടെ ഉടമയുമായ ടി എം ഷാനവാസിനും ഭാര്യയ്ക്കും മറ്റ് പങ്കാളികള്‍ക്കും തട്ടിപ്പിന് കൂട്ടുനിന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്കുമെതിരായാണ് കേസെടുത്തിരിക്കുന്നത്. ഷാനാവാസിന്റെ ഭാര്യയായ ഷംനയാണ് രണ്ടാം പ്രതി. പാണാവള്ളി സ്വദേശിയായ മുഹമ്മദ് ഷമീര്‍ എന്ന മാമ്മുവിന്റെ ബന്ധുവാണ് കേസിലെ മൂന്നാം പ്രതി. രഞ്ജിത്ത് ആന്റ് മൈജു എന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനത്തിലെ ഓഡിറ്റര്‍മാരായ മജു കെ ഇസ്മയില്‍, പിജി രഞ്ജിത്ത് എന്നിവരും കേസിലെ നാലും അഞ്ചും പ്രതികളാണ്.

file:///C:/Users/Southlive/Downloads/FIR_15285031240299%20(2).pdf

കള്ള രേഖകള്‍ ഉണ്ടാക്കിയും വ്യാജ ഒപ്പിട്ടും നിലവിലുണ്ടായിരുന്ന പാര്‍ട്ണര്‍മാരെ പുറത്താക്കി നക്ഷത്ര 916 ഗോള്‍ഡ് & ഡയമണ്ട്‌സ് എല്‍എല്‍പി എന്ന പേരില്‍ പുതിയ സ്ഥാപനം ഉണ്ടാക്കിയെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്. പാര്‍ട്ണര്‍മാരെ വ്യാജരേഖയുണ്ടാക്കി ചതിച്ചു പുറത്താക്കിയത് ഉള്‍പ്പെടെ ഗുരുതരമായ ജിഎസ്ടിയിലും ഇന്‍കം ടാക്‌സ് രേഖകളിലും കൃത്രിമത്വം നടത്തിയെന്ന ആരോപണവും പരാതിക്കാരന്‍ മാമ്മു എംഎസ് പ്രതികള്‍ക്കെതിരെ ആരോപിക്കുന്നുണ്ട്.

പഴയ സ്ഥാപനത്തിലെ സ്വര്‍ണ്ണം പുതിയ സ്ഥാപനത്തിലേക്ക് മാറ്റിയത് ഉള്‍പ്പെടെ 250 കോടി രൂപയുടെ വെട്ടിപ്പ് ഷാനവാസ് നടത്തിയെന്ന ആരോപണവും പരാതിയില്‍ ഉണ്ട്. കേരളത്തില്‍ നിന്നും കടത്തിയ പണം ഉപയോഗിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ രണ്ട് ജ്വല്ലറി തുടങ്ങിയ സംഭവവും, ജി.എസ് ടിയിലും ഇന്‍കംടാക്‌സിലും കൊടുത്തിരിക്കുന്ന കണക്കുകളും രേഖകളും കൃത്രിമമായി ഉണ്ടാക്കിയതു സംബന്ധമായും അന്വേഷണം വേണമെന്നും നക്ഷത്ര ഉടമകള്‍ക്കെതിരെയുള്ള പരാതിയില്‍ പാര്‍ട്ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രേഖകള്‍ സഹിതമുള്ള പരാതി ലഭിച്ചതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് നക്ഷത്ര ജ്വല്ലറി ഉടമകള്‍ക്കെതിരെ കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആര്‍ബിഐ റിഗുലേഷന് വിരുദ്ധമായി നക്ഷത്ര ഉടമകള്‍ പല കുറ്റവും ചെയ്തിട്ടുണ്ടെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയ നിലയ്ക്ക് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലും വിഷയം എത്തും. പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന പല കാര്യങ്ങളും കേന്ദ്ര ഏജന്‍സികളുടെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട് മെന്റും കേസ് ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. പഴയ കമ്പനിയിലെ സ്വര്‍ണം പുതിയ കമ്പനിയിലേക്ക് മാറ്റിയതിലുണ്ടായ വെട്ടിപ്പടക്കം ഗള്‍ഫിലെ സ്ഥാപനങ്ങളിലേക്ക് ഒഴുകിയ പണവും കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ വരുന്നതാണ്. റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിവിധ സ്വര്‍ണ്ണാഭരണ സ്‌കീമുകള്‍ ഉണ്ടാക്കി പൊതു ജനങ്ങളില്‍ നിന്നും അനധികൃതമായി പണം സമ്പാദിക്കുന്നുവെന്ന പരാതിയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയില്‍ വരുന്നതാണ്.