'കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യും'; പിണറായി വിജയനെ വെല്ലുവിളിച്ച് തേജസ്വി സൂര്യ

കണ്ണൂരില്‍ കെ ടി ജയകൃഷ്ണന്‍ അനുസ്മരണദിന പോതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ യുവമോര്‍ച്ചാ നേതാവിന്റെ വെല്ലുവിളി. കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന് യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷന്‍ തേജസ്വി സൂര്യ എംപി പറഞ്ഞു. കേരളത്തില്‍ നിക്ഷേപം വരുന്നില്ലെന്ന് തേജസ്വി സൂര്യ ആരോപിച്ചു.

കേരളത്തില്‍ നിക്ഷേപം വരുന്നില്ല. ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സിപിഐഎമ്മുകാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു. കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്നത് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ പ്രമുഖ 100 സര്‍വ്വകലാശാലകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പരാജയമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കലാണ് പ്രധാന ഉദ്ദേശ്യമെന്നും അദ്ദേഹം ആരോപിച്ചു.