തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം നരേന്ദ്ര മോദിയ്ക്കുണ്ട്: മുഖ്യമന്ത്രി പിണറായി വിജയൻ

മോദിയുടെ മുസ്ലിം വിരുദ്ധ പ്രസംഗത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ . പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമാണെന്നും രാജ്യത്തെ മുസ്ലീങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്ലീം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നതെന്നും, മുസ്ലീം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്നും, എന്നാൽ രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ കൂട്ടത്തിൽ ഒരു പാട് മുസ്ലീങ്ങളുടെ പേര് കാണാൻ സാധിക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി, മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്ത്രിക്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. മുസ്ലിം വിഭാഗത്തെ കൂടുതൽ കുട്ടികളുള്ളവരെന്നും നുഴഞ്ഞുകയറ്റക്കാരെന്നുമാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ രാജ്യത്തകമാനം വ്യാപക വിമർശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത്.

ഭരണത്തിലുണ്ടായിരുന്ന സമയത്ത് കോൺഗ്രസ് പറഞ്ഞത്, രാജ്യത്തിന്റെ സമ്പത്തിൽ ഏറ്റവും അധികം അവകാശമുള്ളത് മുസ്ലിങ്ങൾക്കാണ് എന്നാണ്. എന്നുവച്ചാൽ ഇപ്പോഴും അവർ ഈ സമ്പത്ത് വിതരണം ചെയ്യുന്നത് കൂടുതൽ കുട്ടികൾ ഉള്ളവർക്കായിരിക്കും, നുഴഞ്ഞു കയറിയവർക്കുമായിരിക്കും. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം ഈ നുഴഞ്ഞുകയറിയവർക്ക് നൽകണോ? നിങ്ങൾക്ക് അതിന് സമ്മതമാണോ?’ മോദി തിരഞ്ഞെടുപ്പ് യോഗത്തിൽ ചോദിച്ചു.

‘കോൺഗ്രസ് അവരുടെ പ്രകടനപത്രികയിൽ പറയുന്നതനുസരിച്ച് നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും കൈവശമുള്ള സ്വർണ്ണം അവരെടുത്ത് നേരത്തെ പറഞ്ഞതുപോലെ വിതരണം ചെയ്യും. മൻമോഹൻ സിംഗ് സർക്കാരാണ് രാജ്യത്തിന്റെ സമ്പത്തിനു മുകളിൽ ഏറ്റവും കൂടുതൽ അവകാശമുള്ളത് മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞത്. ഈ അർബൻ നക്സൽ ചിന്താഗതികൾ നമ്മുടെ അമ്മമാരുടെയും പെങ്ങന്മാരുടെയും താലിമാലകൾ പോലും ബാക്കിവയ്ക്കില്ല’- എന്നും മോദി പറയുന്നു.

പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ തിരിച്ചടിയുണ്ടായേക്കുമെന്ന തോന്നലാണ് മോദിയുടെ വർഗീയ പരാമർശത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തൻ്റെ പദവിയുടെ അന്തസ് മോദിയോളം താഴ്ത്തിയിട്ടില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.