കേരളാ പൊലീസ് രാജ്യത്തിന് മാതൃക; ജനങ്ങളുടെ സുഹൃത്തും സഹായിയുമായി മാറാന്‍ കഴിഞ്ഞു; അഭിനന്ദിച്ചും തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി

കേരളാ പൊലീസ് രാജ്യത്തെ പൊലീസ് സേനകള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ചിലരുടെ പ്രവൃത്തികള്‍ കാരണം സേനക്കാകെ തലകുനിക്കേണ്ടിവരുന്ന അവസ്ഥയാണ്. ഇതിനൊരു അവസാനമുണ്ടാകണം. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പൊലീസ് സേനക്ക് ചേരാത്തവരോട് ഒരു ദയയും കാണിക്കാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. ക്രമസമാധാന പരിപാലനം, ശാസ്ത്രീയ കുറ്റാന്വേഷണം, സൈബര്‍ കേസന്വേഷണം എന്നീ രംഗങ്ങളില്‍ കേരളാ പോലീസ് ഒന്നാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളുടെ സുഹൃത്തും സഹായിയുമായി മാറാന്‍ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, സോഷ്യല്‍ പൊലീസിംഗ് ഡയറക്ടറേറ്റ്, വനിതാ ശിശു സൗഹൃദ പൊലീസ് സ്റ്റേഷനുകള്‍, ട്രൈബല്‍ ജനമൈത്രി പ്രോജക്ട്, മൈഗ്രന്റ് ലേബര്‍ ജനമൈത്രി തുടങ്ങിയവയൊക്കെ ജനകീയ പൊലീസ് സേനയായി മാറുന്നതിന് കേരളാ പൊലീസിനെ സഹായിച്ചിട്ടുണ്ട്.

കേരളാ പൊലീസിന്റെ യശസ്സ് ഉയര്‍ത്തിയ നിരവധി സംഭവങ്ങള്‍ ഈ അടുത്തിടെ ഉണ്ടായിട്ടുണ്ട്. അത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളാ പൊലീസില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദേഹം പറഞ്ഞു.