മുഖ്യമന്ത്രിയ്ക്ക് കേരളത്തിലെ അമ്മമാരുടെ മുമ്പില്‍ തല താഴ്ത്തിയല്ലാതെ നില്‍ക്കാനാവില്ല: കെ.കെ രമ

അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം സര്‍ക്കാരും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് ആസൂത്രിതമായി നടപ്പിലാക്കിയ ഹീനമായ ദുരഭിമാന കുറ്റകൃത്യമാണെന്ന് പ്രതിപക്ഷം നിയമസഭയിൽ. ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന് തല താഴ്ത്തിയല്ലാതെ കേരളത്തിലെ അമ്മമാരുടെ മുമ്പില്‍ നില്‍ക്കാനാവില്ലെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിക്കൊണ്ട് കെ.കെ രമ കുറ്റപ്പെടുത്തി. അതേസമയം കെ.കെ രമയുടെ അടിയന്തരപ്രമേയം സ്പീക്കര്‍ ഇടപെട്ട് നിര്‍ത്തിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള കെ.കെ രമയുടെ പ്രസംഗം 10 മിനിട്ട് കഴിഞ്ഞതോടെ സ്പീക്കർ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ മുഖ്യന്ത്രിയുടെ ഓഫീസ് അടക്കം ഭരണകൂട, രാഷ്ട്രീയ ഇടപെടൽ നടന്നിട്ടുണ്ടെന്ന് കെ.കെ രമ ആരോപിച്ചു. ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിത്. കുഞ്ഞിന്റെ അമ്മയുടെ പരാതി ലഭിച്ച് ആറു മാസത്തിന് ശേഷവും കേസെടുക്കാത്ത സ്ഥിതിയുണ്ടായി. അനുപമയുടെ അച്ഛന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പൊലീസ് നട്ടെല്ലു വളച്ച് നിന്നുവെന്നും വിഷയത്തില്‍ നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമസമിതി ഗുരുതരമായ അനാസ്ഥ കാണിച്ചുവെന്നും ഇത് സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് നടന്നതെന്നും കെ.കെ രമ നിയമസഭയില്‍ പറഞ്ഞു.

ശിശുക്ഷേമ സമിതി നിയമപരമായുള്ള നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് ദത്ത് നല്‍കിയതെന്നായിരുന്നു ഇതിന് മറുപടിയായി ആരോഗ്യ- വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോര്‍ജ് സഭയിൽ പറഞ്ഞത്. . ദത്ത് നല്‍കിയ കുട്ടി അനുപമയുടെ കുട്ടിയാണോ എന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും വളര്‍ത്താന്‍ തയ്യാറെങ്കില്‍ കുട്ടി അമ്മയ്‌ക്കൊപ്പമാണ് ഉണ്ടാകേണ്ടതെന്നും മന്ത്രി പറഞ്ഞു.

Read more

ശിശുക്ഷേമ സമിതിയെ വെള്ളപൂശി അവരെ കുറ്റകൃത്യത്തില്‍ നിന്ന് മോചിപ്പിക്കാനാണ് മന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കുഞ്ഞിനെ കിട്ടിയ ദിവസം അമ്മത്തൊട്ടിൽ ഇല്ലായിരുന്നു. ശിശുക്ഷേമ സമിതിയിൽ ആൺകുട്ടിയെ പെൺകുട്ടിയാക്കുന്ന മാജിക് നടന്നു. സി.പി.എം തന്നെ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പൊലീസും ആയി മാറി. ഇടതുപക്ഷത്തിന്‍റേത് പിന്തിരിപ്പൻ നയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി വീണാ ജോർജിന്റെ വിശദീകരണത്തിന് പിന്നാലെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.