മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് ഇരുന്നു; കാലാവസ്ഥ ഉച്ചകോടിയില്‍ പാരമ്പര്യവിരുദ്ധമായ കാര്യങ്ങള്‍ നടന്നു; വിശദീകരണം തേടി സമസ്ത

കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം.
നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വിദേശ പ്രതിനിധികളില്‍ വനിതകള്‍ ഉള്‍പ്പെട്ടതും സദസ്സിലും വേദിയിലും ഇടകലര്‍ന്നിരുന്നതുമാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.

മുസ്‌ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നി പ്രസ്ഥാനവും സ്വീകരിച്ചുവന്ന നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ പുറത്തിക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. നോളജ് സിറ്റിയില്‍ നടന്ന പരിപാടിയില്‍ നയങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി കാര്യങ്ങള്‍ നടന്നു. ഇതില്‍ വിശദീകരണം തേടുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഒരു വിദേശ വനിത പ്രതിനിധിക്ക് ഉപഹാരം കൊടുക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സമസ്ത എ.പി വിഭാഗം വിമര്‍ശനവുമായി രംഗത്ത് വന്നത്.