ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം; ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍

ചേര്‍ത്തല തിരോധാന കേസില്‍ ബിന്ദു പത്മനാഭന്റെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് രണ്ട് സ്ത്രീകള്‍. കടക്കരപ്പള്ളി സ്വദേശിയായ ജയയ്ക്ക് പുറമെ റുക്സാന എന്ന സ്ത്രീക്കും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സെബാസ്റ്റ്യനെ സഹായിക്കാനുള്ള ജയയുടെ പങ്ക് മുന്നെ തെളിഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ റുക്സാനയും കേസില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് വ്യക്തമാകുന്നത്.

ജയയ്ക്ക് പകരം രജിസ്ട്രേഷന്‍ ഓഫീസില്‍ ഒപ്പിട്ടത് റുക്സാനയാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇടപ്പള്ളിയിലെ ഭൂമി തട്ടാന്‍ സെബാസ്റ്റ്യനെ ഇരുവരും സഹായിച്ചിരുന്നു. പിന്നീട് തട്ടിപ്പിന് സഹായിച്ചാല്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത തുക സെബാസ്റ്റ്യന്‍ നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് ജയയും റുക്സാനയും സെബാസ്റ്റ്യന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു എന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read more

ജയയെ ബിന്ദുവായി ചിത്രീകരിച്ച് ആള്‍മാറാട്ടം നടത്തിയായിരുന്നു ഇടപ്പള്ളിയിലെ സ്ഥലം വില്‍പ്പന നടത്തിയത്. ജയയ്ക്ക് ബിന്ദുവിന്റെ പേരില്‍ വ്യാജ എസ്എസ്എല്‍സി ബുക്കും ലൈസന്‍സുമടക്കം തരപ്പെടുത്തിയായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. രജിസ്ട്രേഷന്‍ ചെയ്യുന്ന സമയത്ത് സെബാസ്റ്റ്യനും ജയയ്ക്കുമൊപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നതായി പലരും വ്യക്തമാക്കിയിരുന്നു, അത് റുക്സാനയാണ് എന്ന നിര്‍ണായക വിവരമാണ് ഇപ്പോള്‍ അന്വേഷണ സംഘം വ്യക്തമാക്കുന്നത്. റുക്സാനയ്ക്ക് ഇവരുമായുള്ള ബന്ധമെന്താണ് എന്ന് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സെബാസ്റ്റിയനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.