ചെർപ്പുളശേരി ഹിന്ദു ബാങ്ക്‌ തട്ടിപ്പ്‌: മുൻ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ

ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് കേസിൽ മുൻ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.

ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ് ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്തത്. ഹിന്ദുസ്ഥാൻ ഡെവലപ്​മെൻറ്​ ബെനിഫിറ്റ്​സ്​ നിധി ലിമിറ്റഡ്​ എന്ന പേരിൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഒരു വർഷത്തിനുള്ളിൽ കോടികൾ സമാഹരിച്ച് അടച്ചുപൂട്ടിയതെന്ന്​ നിക്ഷേപകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ്​ ചെർപ്പുളശ്ശേരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്​. ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ്​ ഇത്​ കേന്ദ്ര കോർപറേറ്റ്​ അഫയേഴ്​സ്​ വകുപ്പിൽ രജിസ്​റ്റർ ചെയ്​തത്​.

സംഘ്​പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ്​ നടത്തിപ്പുകാർ. ഹിന്ദുക്കൾക്കു വേണ്ടിയുള്ള സ്ഥാപനം എന്ന നിലക്കാണ്​ ഇവർ പരിചയപ്പെടുത്തിയത്​. സംഘ്​പരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ്​ ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്​. ഉയർന്ന പലിശ വാഗ്​ദാനം ചെയ്​തിരുന്നു.