ഇന്നും മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ കേരളത്തില്‍ ഇന്നലെ ശക്തമായ മഴ ആയിരുന്നു. എന്നാല്‍ രാവിലയോടെ മഴയ്ക്ക് ശമനം ഉണ്ട്. മലവെള്ളപ്പാച്ചിലില്‍ വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി.കോഴിക്കോട് വടകരയില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.

പാലക്കാട് തിരുവിഴാംകുന്ന് വെള്ളിയാര്‍പുഴയില്‍ മലവെള്ളപാച്ചിലില്‍ ഇരുമ്പ് പാലം ഒലിച്ചുപോയി. വനത്തിനകത്ത് ഉരുള്‍പ്പൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് സംശയം. കണ്ണൂരില്‍ കൊട്ടിയൂര്‍ വനത്തില്‍ ഉരുള്‍പൊട്ടി. പാമ്പ്രപ്പാന്‍ പാലം മുങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

വയനാട് പാല്‍ചുരം റോഡിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. വടകര ചോമ്പാലയില്‍ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മാടാക്കര സ്വദേശി അച്യുതന്‍ വലിയ പുരയില്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. തോണിയില്‍ മത്സ്യവുമായി വരുമ്പോള്‍ മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു.

Read more

കോഴിക്കോട് കൂടരഞ്ഞി ഉറുമിപ്പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് പേര്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുഴയില്‍ കുടുങ്ങി.മലപ്പുറം വള്ളുവമ്പുറം സ്വദേശികളായ അഞ്ച് പേരാണ് പുഴയിലെ പാറക്കെട്ടില്‍ കുടങ്ങിയത്.ഇവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് റോപ്പിട്ട് നല്‍കി രക്ഷപ്പെടുത്തി.മലവെള്ളപ്പാച്ചിലില്‍ പുഴയിലെ ജലനിരപ്പ് കൂടിയതാണ് അപകടത്തിനിടയാക്കിയത്.