മുല്ലപ്പെരിയാറിൽ ബേബി ഡാം ബലപ്പെടുത്തണം എന്ന് കേരളത്തോട് കേന്ദ്രം

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ് നാടിനെ പിന്തുണച്ച് കേന്ദ്രം. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാഗമായ ബേബി ഡാം ബലപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചു. കത്തയച്ചത് കേന്ദ്ര ജല ജോയിന്റ് അതോറിറ്റിയാണ്. തമിഴ്നാടിന്റെ ആവശ്യപ്രകാരമാണ് കത്തയച്ചത്. എർത്ത് ഡാം ശക്തിപ്പെടുത്തണമെന്നും അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും ഇന്നലെ നൽകിയ കത്തിൽ കേന്ദ്രം ആവശ്യപ്പെട്ടു.

ബേബി ഡാം ബലപ്പെടുത്താനാണ് അണക്കെട്ടിനോട് ചേർന്ന 23 മരങ്ങൾ മുറിക്കാൻ തമിഴ്നാട് അനുമതി ആവശ്യപ്പെട്ടത്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകി കൊണ്ട് സംസ്ഥാനം ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവ് വിവാദമായതിനെ തുടർന്ന് മരവിപ്പിച്ചു. ഉത്തരവ് മരവിപ്പിച്ചെങ്കിലും ബേബി ഡാം ബലപ്പെടുത്തുന്ന വിഷയം ഇരു സംസ്ഥാനങ്ങൾ തമ്മിൽ നിയമപോരാട്ടങ്ങൾക്ക് ഇടയാക്കിയേക്കും.

Read more

അതേസമയം മരംമുറി ഉത്തരവ് റദ്ദാക്കാനാവുമോ എന്ന് സർക്കാർ നിയമോപദേശം തേടി. അഡ്വ. ജനറലിനോടാണ് നിയമോപദേശം തേടിയിരിക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം മാത്രം ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്താൽ മതിയെന്നാണ് തീരുമാനം.