ആലപ്പുഴയില്‍ ജാതിവിവേചനം; വീട് നിര്‍മ്മാണത്തിന് തടസ്സം നിന്ന് അയല്‍വാസികള്‍, സഹായവുമായി നാട്ടുകാര്‍

സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും എട്ടുമാസമായി വീട് പണി തുടങ്ങാന്‍ കഴിയാതെ നിന്ന തൃക്കുന്നപ്പുഴ നിവാസിയായ ചിത്രയ്ക്ക് ആശ്വാസമേകി നാട്ടുകാരുടെയും അധികൃതരുടെയും ഇടപെടല്‍. വീട് നിര്‍മ്മാണത്തിനായുള്ള സാമഗ്രികള്‍ സ്ഥലത്തേയ്ക്ക് എത്തിച്ചു തുടങ്ങി. ജാതി വിവേചനത്തിന്റെ പേരില്‍ സ്വന്തമായി ഒരു കിടപ്പാടം നിര്‍മ്മിക്കാന്‍ ചിത്ര നേരിടുന്ന ബുദ്ധിമുട്ടുകള്‍ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ചിത്രയ്ക്ക് സഹായവുമായി ആളുകള്‍ രംഗത്തെത്തിയത്.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി കുടുംബത്തിലെ അംഗമാണ് ചിത്ര. 14 വര്‍ഷമായി ചിത്രയും കുടുംബവും വാടകവീടുകളിലായിരുന്നു താമസം. കഴിഞ്ഞ വര്‍ഷമാണ് പട്ടികജാതി പുനരധിവാസ പാക്കേജിലൂടെ ഇവര്‍ക്ക് വീടുവെയ്ക്കാന്‍ അഞ്ചുസെന്റ് സ്ഥലം അനുവദിച്ച് കിട്ടിയത്. ലൈഫ് പദ്ധതിയിലൂടെ നാലുലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നിട്ടും വീടിന് തറക്കല്ല് പോലും ഇടാനായില്ല. ഈ പ്രദേശം പട്ടികജാതി കോളനിയാക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞുകൊണ്ട് വീടുപണിക്കുള്ള സാധനസാമഗ്രികള്‍ കൊണ്ടുപോകുന്നത് അയല്‍വാസികളായ മൂന്നു പേര്‍ തടയുകയായിരുന്നു. ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

പൊലീസിന് പരാതി നല്‍കിയിട്ടും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നാണ് ചിത്ര മാധ്യമങ്ങളോട് പറഞ്ഞത്. വഴി തര്‍ക്കമുള്ള ഭൂമിയായിരുന്നു ചിത്രയുടേത് എന്നായിരുന്നു പൊലീസിന്റെ അഭിപ്രായം. വിഷയത്തില്‍ മുഖ്യമന്ത്രിക്കും, ഡിജിപിക്കും ചിത്ര പരാതി നല്‍കിയിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങാനായിരുന്നു തീരുമാനം.

പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു കുടുംബവും പ്രദേശത്ത് സ്ഥലം വാങ്ങിയിരുന്നു, അവരെയും സാധനങ്ങള്‍ കൊണ്ടുപോകുന്നതിന് തടഞ്ഞിരുന്നുവെന്നും ചിത്ര പറഞ്ഞു. ഷീറ്റുപയോഗിച്ച് നിർമ്മിച്ച ഷെഡിലാണ് ഇപ്പോള്‍ ചിത്ര താമസിക്കുന്നത്. പക്ഷാഘാതം മൂലം കിടപ്പിലായ ഭര്‍ത്താവും രണ്ട് മക്കളും ചിത്രക്കൊപ്പം ഇവിടെയാണ് താമസം.