വിസ്മയ കേസ്; കിരണിന് പത്തു വര്‍ഷം കഠിനതടവ്

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കിരണ്‍ കുമാറിന് പത്ത് വര്‍ഷം കഠിനതടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ്  ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്. പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. രണ്ടര ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

304 (ബി) വകുപ്പ് പ്രകാരമാണ് ശിക്ഷ. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ചുമത്തിയ കുറ്റങ്ങള്‍ കിരണ്‍ ചെയ്തതായി കോടതി കണ്ടെത്തി. 42 സാക്ഷികളും 120 രേഖകളും 12 തൊണ്ടിമുതലുകളുമാണ് കേസിലുണ്ടായിരുന്നത്. ഡിജിറ്റല്‍ തെളിവുകളും നിര്‍ണായകമായി.

ശിക്ഷാ നിയമത്തിലെ 304 ബി വകുപ്പു പ്രകാരം 10 വർഷം തടവ്, 306 വകുപ്പ് പ്രകാരം ആറു വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. 498 എ പ്രകാരം രണ്ടു വർഷം തടവും 50,000 രൂപ പിഴയും. സ്ത്രീധന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മൂന്ന്, ആറ് വർഷം വീതം തടവും അയ്യായിരം രൂപ പിഴയുമാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിച്ചത്.  ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതിഭാഗം അഭിഭാഷകന്‍ പ്രതാപചന്ദ്രന്‍ പിള്ളയും തമ്മില്‍ ശിക്ഷ സംബന്ധിച്ച വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 498 എ ഗാര്‍ഹിക പീഡനം, 304 ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 അത്മഹത്യ പ്രേരണ, സ്ത്രീധന നിരോധന നിയമത്തിലെ 3, 4 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണ് എന്നാണ് കോടതി കണ്ടെത്തിയത്. ഇന്നലെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് കിരണിനെ കൊല്ലം സബ് ജയിലിലേക്ക് മാറ്റിയിരുന്നു.

2021 ജൂണ്‍ 21നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2020 മെയ് 30നാണ് വിസ്മയയും കിരണ്‍ കുമാറും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു.