ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധങ്ങൾക്കിടെ ഇന്ന് മന്ത്രിസഭാ യോഗം

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കെതിരെ വ്യാപാരികളിൽ നിന്നുൾപ്പെടെ പ്രതിഷേധം ഉയരുന്നതിനിടെ സാഹചര്യം വിലയിരുത്താൻ ഇന്ന് മന്ത്രിസഭാ യോഗം ചേരും. പെരുന്നാളുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യവും യോഗം പരിഗണിച്ചേക്കും.

സിനിമ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുവാനുള്ള ചലച്ചിത്രപ്രവർത്തകരുടെ തീരുമാനവും സർക്കാർ ചർച്ച ചെയ്യും. ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച അവലോകന യോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതൽ ഇളവുകൾ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും.

അതേസമയം ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി താത്കാലികമായി പിന്മാറി. വ്യാപാരികളുമായി മുഖ്യമന്ത്രി വെള്ളിയാഴ്ച്ച നേരിട്ട് ചർച്ച നടത്തും.