സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഡിസംബര്‍ 12 നും വോട്ടെണ്ണല്‍ 13 നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് (16.11.2023) പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഇന്നു മുതല്‍ 23 വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 24 ന് വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടത്തും. പത്രിക 27 വരെ പിന്‍വലിക്കാം.

മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെട്ടു വരുന്ന ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. മുനിസിപ്പാലിറ്റികളില്‍ ഉപതിരഞ്ഞെടുപ്പുള്ള വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് പെരുമാറ്റച്ചട്ടമുള്ളത്.

നാമനിര്‍ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക ജില്ലാ പഞ്ചായത്തില്‍ 5000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 4000 രൂപയും ഗ്രാമപഞ്ചായത്തില്‍ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അവയുടെ പകുതി തുക മതിയാകും.

ഉപതിരഞ്ഞെടുപ്പിനു വേണ്ടി അന്തിമ വോട്ടര്‍പട്ടിക 14.11.2023 ന് പ്രസിദ്ധീകരിച്ചു. 33 വാര്‍ഡുകളിലായി നാല് പ്രവാസി വോട്ടര്‍മാര്‍ ഉള്‍പ്പെടെ ആകെ 143345 വോട്ടര്‍മാരുണ്ട്. 67764 പുരുഷന്മാരും 75581 സ്ത്രീകളും അതില്‍ ഉള്‍പ്പെടും. കമ്മീഷന്റെ www.sec.kerala.gov.in സൈറ്റിലും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും പട്ടിക ലഭ്യമാണ്.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ രാജിയോ മരണമോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവ് നികത്തുന്നതിനാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. പതിന്നാല് ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് വാര്‍ഡിലും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലും ഇരുപത്തിന്നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനായി ആകെ 192 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കും.
2020 ലെ പൊതുതിരഞ്ഞെടുപ്പിനു ശേഷം കമ്മീഷന്‍ ഇതിനു മുന്‍പ് 8 ഘട്ടങ്ങളിലായി 202 വാര്‍ഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശവാര്‍ഡുകള്‍ (ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര് ക്രമത്തില്‍)

തിരുവനന്തപുരം – അരുവിക്കര ഗ്രാമ പഞ്ചായത്തിലെ 9-മണമ്പൂര്‍

കൊല്ലം – തഴവാ ഗ്രാമ പഞ്ചായത്തിലെ 18-കടത്തൂര്‍ കിഴക്ക്, പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-മയ്യത്തുംകര, ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 20-വിലങ്ങറ, കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ 08-വായനശാല

പത്തനംതിട്ട – മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്തിലെ 12-കാഞ്ഞിരവേലി, റാന്നി ഗ്രാമ പഞ്ചായത്തിലെ 07-പുതുശ്ശേരിമല കിഴക്ക്

ആലപ്പുഴ – കായംകുളം നഗരസഭയിലെ 32-ഫാക്ടറി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 01-തിരുവന്‍വണ്ടൂര്‍

കോട്ടയം – ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11- കുറ്റിമരം പറമ്പ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01-ആനക്കല്ല്, 04-കൂട്ടിക്കല്‍ വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-അരീക്കര, തലനാട് ഗ്രാമ പഞ്ചായത്തിലെ 04-മേലടുക്കം

ഇടുക്കി – ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ 10-മാവടി, കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ 07-നെടിയകാട്

എറണാകുളം – വടവുകോട്-പുത്തന്‍ കുരിശ് ഗ്രാമ പഞ്ചായത്തിലെ 10-വരിക്കോലി, രാമമംഗലം ഗ്രാമപഞ്ചായത്തിലെ 13-കോരങ്കടവ്

തൃശ്ശൂര്‍ – മാള ഗ്രാമ പഞ്ചായത്തിലെ 14-കാവനാട്

പാലക്കാട് – പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-വാണിയംകുളം, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 07-പാലാട്ട് റോഡ്, മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06-കണ്ണോട്, പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ 14-തലക്കശ്ശേരി , തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ 11-പള്ളിപ്പാടം, ജി.90 വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 06-അഞ്ചുമൂര്‍ത്തി

മലപ്പുറം – ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ 16-ഒഴൂര്‍

കോഴിക്കോട് – വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 14-കോടിയൂറ, വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16-ചല്ലി വയല്‍, മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ 05-പുല്ലാളൂര്‍, മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 13-പാറമ്മല്‍

വയനാട് – മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ 03-പരിയാരം

കണ്ണൂര്‍ – പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 10-ചൊക്ലി

കാസര്‍ഗോഡ് – പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ 22-കോട്ടക്കുന്ന്