കേരളത്തിൽ 30% കരാർ ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി ബി‌.എസ്‌.എൻ‌.എൽ

ബി‌.എസ്‌.എൻ‌.എൽ ഒരാഴ്ച മുമ്പ് എല്ലാ സർക്കിളുകളിലേക്കും അയച്ച സർക്കുലറിൽ  എണ്ണവും ചെലവും കണക്കിലെടുത്ത് 30% കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ നിർദ്ദേശിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കേരളത്തിലെ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ (ബി‌.എസ്‌.എൻ‌.എൽ) കരാർ തൊഴിലാളികൾ ഏഴു മാസത്തോളമായി ലഭിക്കാനുള്ള ശമ്പളത്തിന്റെ കാര്യത്തിൽ തീർപ്പുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം തുടരുന്നതിനിടെ ആണ് ബി,എസ് എൻഎൽ ന്റെ ഈ നടപടി വരുന്നത്.

അതേസമയം, സാധാരണ ജീവനക്കാരുടെ ശമ്പളം തുടർച്ചയായി രണ്ടാം മാസത്തേക്ക് കാലതാമസം നേരിട്ടു, ഓണത്തിന് മുമ്പായി ഇതിൽ പരിഹാരമുണ്ടാവില്ലെന്നാണ് സൂചന. കരാർ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള സ്ഥാപനത്തിന്റെ നിർദ്ദേശം ഓഡിറ്റ് കമ്മിറ്റിയുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി ഉള്ളതാണ്, ഓഗസ്റ്റ് 20- നാണ് ഓഡിറ്റ് കമ്മിറ്റി യോഗം ചേർന്നത്. സാധാരണ ജോലിക്കാർക്ക് ചെയ്യാൻ കഴിയാത്ത പ്രവർത്തനങ്ങൾക്കായി മാത്രമാണ് കരാർ തൊഴിലാളികളെ ഏർപ്പെടുത്തേണ്ടതെന്നും ഇതിൽ പറയുന്നു. കരാർ ജോലിക്കാരുടെ തൊഴിൽ ദിവസത്തിന്റെ എണ്ണം മൂന്ന് ദിവസമായി കുറയ്ക്കണം എന്നും നിർദ്ദേശമുണ്ട്.

പുറംപണി ജോലികൾ വലിയ കമ്പനികൾക്ക് കരാർ നൽകാനുള്ള ശ്രമമായാണ് ജീവനക്കാരെ പിരിച്ചു വിടാനുള്ള ഈ നീക്കത്തിന് പിന്നിൽ എന്ന് എംപ്ലോയീസ് യൂണിയനുകൾ പ്രതികരിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. ബി.എസ് എൻ.എല്ലിലെ കരാർ ജീവനക്കാരിൽ പലർക്കും രണ്ട് മുതൽ മൂന്ന് പതിറ്റാണ്ട് വരെ പ്രവൃത്തി പരിചയമുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, വിരമിക്കൽ പ്രായത്തിൽ അനിയന്ത്രിതമായ മാറ്റങ്ങൾ വരുത്തി രണ്ടായിരത്തോളം കരാർ ഉദ്യോഗസ്ഥരെയാണ് സ്ഥാപനം പിരിച്ചു വിട്ടത്.