കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിദഗ്ധസംഘം കൊച്ചിയില്‍; ബ്രഹ്മപുരം മനുഷ്യനിര്‍മ്മിത ദുരന്തമെന്ന് പ്രകാശ് ജാവദേക്കര്‍

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ കേന്ദ്ര മലിനീകരണനിയന്ത്രണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധസംഘം കൊച്ചിയില്‍ എത്തിയെന്ന് ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനവിരുദ്ധമാണ്. തീപ്പിടിത്തമുണ്ടായത് വെറുമൊരു അപകടമായി ചിത്രീകരിക്കാനാണ് ഇപ്പോഴും കോര്‍പറേഷന്റെ ശ്രമം.

ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണ പ്ലാന്റിലുണ്ടായത് മനുഷ്യനിര്‍മിത ദുരന്തമാണ്. കൊച്ചി കോര്‍പറേഷന്‍ കരാര്‍ കൊടുത്ത കമ്പനിക്ക് മതിയായ പ്രവര്‍ത്തനപരിചയമില്ലായിരുന്നു. അവിടെ മാലിന്യം കെട്ടിക്കിടക്കുന്നതല്ലാതെ തരംതിരിക്കലോ സംസ്‌കരണമോ ബയോ മൈനിങ്ങോ നടത്തിയിരുന്നില്ല. അതുമൂലമാണ് അവിടെ ഇത്ര വലിയൊരു മാലിന്യക്കൂമ്പാരം രൂപപ്പെടാന്‍ കാരണം.

ഇതേ കമ്പനിയുമായുള്ള കരാര്‍ കൊല്ലം, കണ്ണൂര്‍ കോര്‍പറേഷനുകള്‍ പിന്‍വലിച്ചിരുന്നു, എന്നാല്‍, കൊച്ചി കോര്‍പറേഷന്‍ കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അഴിമതിയുടെയും കൊള്ളയുടെയും ബാക്കിപത്രമാണ് ബ്രഹ്മപുരത്തെ ദുരന്തമെന്നും അദേഹം ആരോപിച്ചു. മൂന്നുലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും കനത്ത വെല്ലുവിളിയാണിതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.