ഡല്‍ഹിയിലേക്കാള്‍ മോശമല്ല കൊച്ചിയിലെ വായു; മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കുന്നു; ബ്രഹ്മപുരത്തെ വിഷപ്പുകയെ ന്യായീകരിച്ച് മന്ത്രി എംബി രാജേഷ്

കൊച്ചിയിലെ വായു ഡല്‍ഹിയിലേക്കാള്‍ മോശമല്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇതു സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ തെറ്റാണ്. കൊച്ചിയിലെ വായു ഏറ്റവും മോശമായത് ഈ ദിവസങ്ങളില്‍ ഏഴാം തീയതിയാണ്. അത് 259 പിപിഎം ആണ്. അന്ന് തീപിടിത്തം ഇല്ലാത്ത ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി 238 ആണ്.

ഇന്ന് രാവിലെ 138 ആണ് കൊച്ചിയിലെ പിപിഎം. ഡല്‍ഹിയില്‍ അത് 223 ആണ്. അപ്പോഴാണ് ഡല്‍ഹിയില്‍ നിന്ന് കേരളത്തില്‍ എത്തിയ ചിലര്‍ ശ്വാസം മുട്ടുന്നുവെന്ന് പറയുന്നത്. സത്യത്തില്‍ ശ്വസിക്കണമെങ്കില്‍ ഇവിടെ വരണമെന്നതാണ് ശരി. ചില മാധ്യമങ്ങള്‍ തീയില്ലാതെ പുക ഉണ്ടാക്കാന്‍ വിദഗ്ദരാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

2009 ല്‍ മികച്ച സീറോ വേസ്റ്റ് നഗരത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ കൊച്ചി നഗരം എങ്ങനെ ഈ സ്ഥിതിയിലെത്തിയെന്ന് ആലോചിക്കണം. 2010 , 2015 വര്‍ഷങ്ങളില്‍ അധികാരത്തിലെത്തിയ യുഡിഎഫ് കൗണ്‍സിലുകളുടെ കാലത്താണ് കൊച്ചിയിലെ മാലിന്യ സംസ്‌കരണ പദ്ധതി വലിയ തോതില്‍ പിന്നാക്കം പോയത്. 2005 മുതല്‍ 2010 വരെ എല്‍ ഡി എഫ് അധികാരത്തിലിരുന്നപ്പോള്‍ 2008 ല്‍ ആരംഭിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് 2010 വരെ നല്ല നിലയിലാണ് പ്രവര്‍ത്തിച്ചത്.

മാലിന്യ ശേഖരണവും സംഭരണവും സംസ്‌കരണവും വളരെ ശാസ്ത്രീയമായാണ് അക്കാലത്ത് നടത്തിയത്. മുഴുവന്‍ വീടുകളിലും ബക്കറ്റ് വാങ്ങി നല്‍കി മാലിന്യം വേര്‍തിരിച്ച് ശേഖരിച്ചു. എല്ലാ ഡിവിഷനിലേക്കും മാലിന്യ ശേഖരണത്തിനായി ഓട്ടോ റിക്ഷയും മുച്ചക്ര വാഹനങ്ങളും നല്‍കി. റൂട്ട് മാപ് തയാറാക്കിയായിരുന്നു മാലിന്യം ശേഖരിച്ചത്. വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്, പേപ്പര്‍ എന്നിവ പണം കൊടുത്ത് ശേഖരിക്കാന്‍ ശക്തി പേപ്പര്‍ മില്‍സുമായി കരാറുണ്ടാക്കി. മാലിന്യം കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ ഡെവലപ്പ്‌മെന്റുമായി കരാറുണ്ടാക്കി. പ്ലാസ്റ്റിക് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുകയേ ചെയ്തില്ലന്നും മന്ത്രി പറഞ്ഞു.