തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനത്തിലെ ബിജെപി സീല്‍: തെറ്റ് സമ്മതിച്ച ശേഷം വിവരം പങ്കുവെച്ചവര്‍ക്ക് നേര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍; പൊലീസിന് ഉപയോഗിച്ച് വിമര്‍ശന പോസ്റ്റുകള്‍ എക്‌സില്‍ നിന്ന് നീക്കം ചെയ്യുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലറില്‍ ബിജെപി സീല്‍ പതിച്ചതിന്റെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമ സ്ഥാപനങ്ങള്‍ക്കും പോസ്റ്റുകള്‍ കേരള പൊലീസിന്റെ നിര്‍ദേശ പ്രകാരം എക്‌സ് നീക്കി തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുറന്നു സമ്മതിച്ച പിഴവിന്റെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കുന്നതിനാണ് തിരക്ക് പിടിച്ച നടപടി. ബിജെപി സീല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ വന്നത് ചോദ്യം ചെയ്യുകയും വിവരം പങ്കുവെയ്ക്കുകയും ചെയ്തവര്‍ക്കെതിരെയുള്ള നടപടി വലിയ ചോദ്യങ്ങളാണ് ജനാധിപത്യത്തില്‍ ഉയര്‍ത്തുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബിജെപി ബന്ധത്തില്‍ രാജ്യവ്യാപകമായി വലിയ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സീല്‍ ഭരണഘടനാ സ്ഥാപനത്തിന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ വന്നത്. എന്നാല്‍ ക്ലെറിക്കല്‍ പിഴവെന്ന തൊടുന്യായത്തില്‍ വിഷയം മുക്കാന്‍ ശ്രമിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചവര്‍ക്കെതിരെ നടപടിയെടുത്ത് എതിര്‍ സ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ശ്രമത്തിലാണ്. വിഷയം പങ്കുവച്ചതിനെതിരായ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കേരള ഡിജിപിക്ക് സംസ്ഥാന തി്‌രഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സില്‍ നിന്നടക്കം പോസ്റ്റുകള്‍ നിര്‍ബന്ധ പൂര്‍വ്വം നീക്കം ചെയ്യുകയാണ്.

ക്ലറിക്കല്‍ പിഴവെന്ന് ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി സമ്മതിച്ച നടപടിയുടെ വിവരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും രാവിലെയാണ് എക്‌സിന്റെ ഇമെയില്‍ ലഭിച്ചത്. യുപി അടക്കം വിവിധ സംസ്ഥാനങ്ങളിലുള്ള മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, സ്വതന്ത്ര മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ എന്നിവയ്ക്കാണ് നോട്ടീസ് ലഭിച്ചത്. പോസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും, പോസ്റ്റ് നീക്കം ചെയ്യണമെന്ന് കേരള പൊലീസ് ആവശ്യപ്പെടുന്നുണ്ടെന്നുമാണ് എക്‌സ് അറിയിച്ചത്. അറിയിപ്പ് ലഭിച്ച ശേഷം നീക്കം ചെയ്യാത്തവരുടെ പോസ്റ്റുകള്‍ എക്‌സ് തന്നെ നീക്കി തുടങ്ങി. ഐടി നിയമത്തിലെ 79 മൂന്ന് ബി അനുസരിച്ചാണ് നടപടി. ചട്ടവിരുദ്ധമായ പോസ്റ്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ നീക്കം ചെയ്യാന്‍ അനുശാസിക്കുന്ന വകുപ്പാണിത്.

നടപടി അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് വിമര്‍ശനം, തിരഞ്ഞെടുപ്പ് കമ്മീഷനെ പുകഴ്ത്തിയാല്‍ പ്രശ്‌നം തീരുമോയെന്നും പരിഹാസം ഉയരുന്നുണ്ട്. അതേസമയം വിവരം ആദ്യം പങ്കുവച്ച കേരള സിപിഎം എക്‌സ് ഹാന്‍ഡിലിന് മാത്രം നോട്ടീസ് ലഭിക്കാത്തത് വിചിത്രമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. നോട്ടീസ് ലഭിച്ചോയെന്ന് സിപിഎം വ്യക്തമാക്കിയിട്ടില്ല. നേരത്തെയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ഇടപെട്ട് ഇത്തരത്തില്‍ നീക്കിയിരുന്നു. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ വിമത സ്വരങ്ങള്‍ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ആയുധമാക്കുന്നുവെന്ന വിമര്‍ശനം ശക്തമാകുമ്പോഴാണ് യഥാര്‍ത്ഥ വിവരങ്ങള്‍ പങ്കുവച്ചവര്‍ക്കെതിരായ നടപടി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച വിജ്ഞാപനത്തില്‍ ബിജെപിയുടെ സീല്‍ പതിപ്പിച്ച സംഭവത്തില്‍ സാങ്കേതിക പിഴവ് എന്ന് പറഞ്ഞു തടിയൂരിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍, വിജ്ഞാപനം മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ നടപടി സ്വീകരിച്ചത്. 2019-ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈ മാസം 22-ന് ഉച്ചയോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലായിരുന്നു ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക മുദ്രയ്ക്ക് പകരമായി ബിജെപി കേരള ഘടകത്തിന്റെ സീല്‍ പതിപ്പിച്ച കത്ത് ലഭിച്ചതോടെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

2019-ലെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഴയ കത്താണ് ഇത്തവണ വീണ്ടും അയച്ചത്. ഇതിന്റെ അടിഭാഗത്താണ് ബിജെപി കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ സീല്‍ പതിഞ്ഞിരുന്നത്. സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും വിജ്ഞാപനത്തില്‍ ബിജെപി സീല്‍ ഉള്ളത് ശ്രദ്ധിച്ചില്ലെന്നുമാണ് കമ്മീഷന്റെ വാദം. വിവാദമായതോടെ ഇത് തിരുത്തിയതായും അധികൃതര്‍ അറിയിച്ചു.