ബി.ജെ.പി മതപുരോഹിതരെ ഭയപ്പെടുത്തുന്നു: ഇ.പി ജയരാജന്‍

ബി.ജെ.പി മതപുരോഹിതരെ ഭയപ്പെടുത്തുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ജനങ്ങളെ മതപരമായി വേര്‍തിരിച്ച് സ്വാധീനിക്കാനാണ് ബി.ജെ.പി ശ്രമമെന്നും അധികാരം ഉപയോഗിച്ച് ജനാധിപത്യബോധത്തെ ഭീഷണിപ്പെടുത്തുന്നത് ന്യായമോ എന്നും ജയരാജന്‍ ചോദിച്ചു. വോട്ടിനായി അരമനകള്‍ കയറിയിറങ്ങി യാചിക്കുന്നു. കയറി ഇറങ്ങി കാലിലെ തൊലിയുരിയുന്നത് മാത്രമാകും ഫലമെന്നും അദ്ദേഹം പരഞ്ഞു.

ക്രൈസ്തവ സഭാദ്ധ്യക്ഷന്‍മാര്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവകാശമുണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പുള്ളിപ്പുലിയുടെ പുള്ളി മായില്ല എന്നു പറഞ്ഞതുപോലെ ബി.ജെ.പിയുടെ രാഷ്ട്രീയം ആരെയൊക്കെ കണ്ടാലും ഹിന്ദുത്വ രാഷ്ട്രീയമായി തുടരും. ഇക്കാര്യം സഭാധ്യക്ഷന്‍മാര്‍ക്കും നാട്ടുകാര്‍ക്കും അറിയാമെന്ന് കാനം രാജേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പെടെയുള്ള എട്ട് ക്രൈസ്തവ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. നാളെ വൈകിട്ട് ഏഴിന് എറണാകുളത്ത് ടാജ് മലബാറിലാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലദ്ധ്യക്ഷന്മാരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ക്രൈസ്തവ സഭാ ഏകോപനത്തിന് ചുക്കാന്‍ പിടിച്ച ഡോ. കെ. എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.

Read more

മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ കൂടാതെ ബസേലിയോസ് മാര്‍തോമ്മ മാത്യൂസ് ത്രിതീയന്‍ കാതോലിക്ക ( ഓര്‍ത്തഡോക്സ് സഭ), ജോസഫ് മാര്‍ ഗ്രീഗോറിയോസ് (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്നാനായ കത്തോലിക്ക സഭ, കോട്ടയം), മാര്‍ ഔജിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് (സിറോ മലങ്കര സഭ), ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് കളത്തിപ്പറമ്പില്‍, കുര്യാക്കോസ് മാര്‍ സേവേറിയൂസ് (ക്നാനായ സിറിയന്‍ സഭ, ചിങ്ങവനം) എന്നിവര്‍ മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.