നേതൃത്വം തെറ്റ് ചെയ്താൽ ഇനിയും ചൂണ്ടിക്കാട്ടും; പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്ന് ശോഭ സുരേന്ദ്രൻ

സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെക്കുറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. സംസ്ഥാന നേതൃത്വം തെറ്റ് ചെയ്തൽ ഇനിയും ചൂണ്ടിക്കാട്ടും . തെറ്റ് ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ പറഞ്ഞതൊന്നും തനിക്ക് വേണ്ടിയല്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

മിത്ത് വിവാദത്തിലും ശോഭ സുരേന്ദ്രൻ പ്രതികരണം അറിയിച്ചു.ഗണപതിയെ കുറിച്ചു ഷംസീർ പറഞ്ഞത് അബദ്ധമല്ല. പറഞ്ഞത് മനഃപൂർവമാണ്. ഹിന്ദു മുസ്ലിം പ്രശ്നം ഉണ്ടാക്കാനായിരുന്നു ശ്രമം. അങ്ങനെ പ്രശ്നം ഉണ്ടാകുന്ന സ്ഥലമല്ല കേരളം. മുസ്ലിം വിഭാഗത്തിന്റെ കുത്തക ഏറ്റെടുക്കാൻ ആയിരുന്നു ഷംസീറിന്റെ ശ്രമം എന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ഗണപതി മിത്ത് ആണെന്ന് ഒരു മുസ്ലിം പണ്ഡിതൻ പോലും പറഞ്ഞിട്ടില്ല. ശബരിമല പ്രക്ഷോഭ കാലത്തും മുസ്ലിം പണ്ഡിതർ വിശ്വാസികൾക്കൊപ്പം ആയിരുന്നു. സിപിഎമ്മുകാർ വിശ്വാസം ഉള്ളവരല്ല. അമ്പലത്തിൽ വിശ്വാസമില്ലെങ്കിൽ ദേവസ്വം ബോർഡുകൾ പിരിച്ചു വിടണമെന്നും ശോഭ സുരേന്ദ്രൻ‌ പറഞ്ഞു.

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ നേരത്തേയും ശോഭാ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരന്നും കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍. എഐ ക്യാമറയുമായി ബന്ധപ്പെട്ട വിവവാദങ്ങളിൽ സർക്കാരിനെതിരെയും ശോഭ സുരേന്ദ്രൻ രൂക്ഷമായി പ്രതികരിച്ചിരുന്നു.