തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; മുഖ്യമന്ത്രിയെ പ്രശംസിച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍

മുഖ്യമന്ത്രിയെ പുകഴ്ത്തി കോഴിക്കോട് ലത്തീന്‍ രൂപതാ അധ്യക്ഷന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നതിന് മികച്ച ഉദാഹരണമാണ് പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കുള്ളത് മികച്ച വികസന കാഴ്ചപ്പാടാണ് ഉള്ളത്. മുഖ്യമന്ത്രി മികച്ച ആത്മനിയന്ത്രണവും പ്രവര്‍ത്തന ശക്തിയുമുള്ള വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തുന്നവര്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കണമെന്ന് കോഴിക്കോട് ലത്തീന്‍ രൂപത വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മലപ്പുറത്തും കോഴിക്കോടും വന്‍ പ്രതിഷേധ പരമ്പരകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.പലയിടങ്ങളിലും ഇന്നും കരിങ്കൊടി പ്രതിഷേധം നടന്നു. കോട്ടക്കല്‍, കക്കാട്, പുത്തനത്താണി എന്നിവടങ്ങളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പന്തീരാങ്കാവില്‍ മുഖ്യമന്ത്രിക്ക് നേരെ യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.

തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌ക്കണിഞ്ഞ് ഉദ്ഘാടന വേദിയില്‍ എത്തിയവര്‍ക്ക് പകരം മഞ്ഞ മാസ്‌ക്ക് നല്‍കിയാണ് പ്രവേശനം അനുവദിച്ചത്.