ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു

ലഹരിയിടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇ.ഡി) ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് അദേഹത്തെ ഇഡി സംഘം ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2020 ബിനീഷിനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് അദേഹത്തിന് ജാമ്യം ലഭിച്ചത്.

ഈ കേസില്‍ ആദായനികുതിയിലടക്കം കണ്ട പൊരുത്തക്കേടുകള്‍ വ്യക്തത വരുത്താനാണ് ഇഡി ചോദ്യം ചെയ്യുന്നത്. കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ 2020ല്‍ ലഹരിക്കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്തു.

ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബിനാമിയാണ് അനൂപ് എന്നാണ് ഇ.ഡി ആരോപിക്കുന്നത്. ഇന്ന് രാവിലെ 10.30 നാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്.